പിന്നോട്ടില്ല, 2026ലെ ലോകകപ്പിലും കളിക്കും സൂചന നൽകി മെസി, ആരാധകരും സൂപ്പർ ഹാപ്പി

അഭിറാം മനോഹർ

തിങ്കള്‍, 21 ഏപ്രില്‍ 2025 (16:54 IST)
അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ടീമിന്റെ ആരാധകരുടെ മനസ് നിറക്കുന്ന വാര്‍ത്തയുമായി സൂപ്പര്‍ താരം ലയണല്‍ മെസി. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിലും താന്‍ കളിച്ചേക്കുമെന്നാണ് സൂപ്പര്‍ താരം വ്യക്തമാക്കിയത്. 2026ലെ ഫിഫ ലോകകപ്പിന് 14 മാസങ്ങള്‍ മാത്രം ബാക്കിനിലെക്കെയാണ് ലയണല്‍ മെസ്സിയുടെ വെളിപ്പെടുത്തല്‍. അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പില്‍ കളിക്കാന്‍ ആഗ്രഹമില്ലെന്ന് പറഞ്ഞാല്‍ അത് നുണയായിരിക്കുമെന്നും ലോകകപ്പില്‍ കളിക്കുന്ന കാര്യത്തില്‍ ഈ വര്‍ഷം നിര്‍ണായകമാണെന്നും മെസ്സി പറഞ്ഞു.
 
3 വര്‍ഷം മുന്‍പ് ഖത്തറില്‍ നടന്ന ഫിഫ ലോകകപ്പിന് ശേഷം ഇനിയൊരു ലോകകപ്പ് കളിക്കാന്‍ താന്‍ ഉണ്ടാകില്ലെന്ന സൂചനയാണ് മെസ്സി നല്‍കിയത്. ജൂണില്‍ 38 വയസ് തികയുന്ന മെസ്സിക്ക് തുടരെ പരിക്കേല്‍ക്കുന്നത് വെല്ലുവിളിയാണ്. അവസാന അഞ്ച് മാസമായി അര്‍ജന്റീന ടീമിനായി കളിക്കാന്‍ മെസ്സിക്ക് സാധിച്ചിട്ടില്ല. 2005ല്‍ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച താരം ഇതുവരെ 191 മത്സരങ്ങളില്‍ നിന്നും 112 ഗോളുകളാണ് അര്‍ജന്റീനയ്ക്കായി നേടിയിട്ടുള്ളത്.
 
 2026ലെ ലോകകപ്പിന് തെക്കെ അമേരിക്കയില്‍ നിന്നും അര്‍ജന്റീന നേരത്തെ തന്നെ യോഗ്യത നേടിയിരുന്നു. ജൂണില്‍ ചിലിക്കും കൊളംബിയക്കും എതിരെയും സെപ്റ്റംബറില്‍ വെനസ്വല, ഇക്വഡോര്‍ ടീമുകള്‍ക്കെതിരെയും അര്‍ജന്റീനയ്ക്ക് ലോകകപ്പ് യോഗ്യതാ മത്സരങ്ങളുണ്ട്. പരിക്ക് ഭേദമാവുകയാണെങ്കില്‍ ഈ മത്സരങ്ങളില്‍ മെസ്സി അര്‍ജന്റൈന്‍ ടീമിനൊപ്പം ചേരും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍