Real Madrid:തോല്‍വിയുടെ നിരാശ താങ്ങാനായില്ല, റഫറിക്ക് നേരെ ഐസ് എറിഞ്ഞ് ആന്റോണിയോ റൂഡിഗര്‍, ക്ലാസിക്കോയില്‍ റയലിന് കിട്ടിയത് 3 റെഡ് കാര്‍ഡുകള്‍
കോപ്പ ഡെല്‍ റെ ഫുട്‌ബോള്‍ ഫൈനലിലെ ബാഴ്‌സക്കെതിരായ ആവേശകരമായ മത്സരത്തില്‍ റയല്‍ മാഡ്രിഡിന് ലഭിച്ചത് 3 റെഡ് കാര്‍ഡുകള്‍. മത്സരം നിയന്ത്രിച്ച റഫറി റിക്കാര്‍ഡോ ഡി ബര്‍ഗോസിനെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ആന്റോണിയോ റൂഡിഗര്‍, ലൂക്കാസ് വാസ്‌ക്കസ്, ജൂഡ് ബെല്ലിങ്ങാം എന്നീ താരങ്ങള്‍ക്കാണ് ചുവപ്പ് കാര്‍ഡുകള്‍ ലഭിച്ചത്. മത്സരത്തിലെ അവസാന നിമിഷങ്ങളില്‍ ബാഴ്‌സലോണ ലീഡ് നേടിയതോടെ റഫറിക്ക് നേരെ റൂഡിഗര്‍ ഐസ് എറിഞ്ഞിരുന്നു. ഇതിനാണ് താരത്തിന് റെഡ് കാര്‍ഡ് ലഭിച്ചത്.
നേരത്തെ എക്ട്രാ ടൈമിലേക്ക് നീളുമ്പോള്‍ ഇരുടീമുകളും 2-2 എന്ന നിലയില്‍ സമനിലയിലായിരുന്നു. മത്സരത്തിന്റെ 116മത്തെ മിനിറ്റില്‍ ജൂള്‍സ് കുണ്ടെയുടെ ഗോളില്‍ ബാഴ്‌സലോണ 3-2ന് മുന്നിലെത്തി. പിന്നാലെ സമനില ഗോളിനായി ശ്രമിച്ച റയല്‍ താരം കിലിയന്‍ എംബാപ്പെ ബോക്‌സില്‍ ഫൗള്‍ ചെയ്യപ്പെട്ടു. എന്നാല്‍ വിനീഷ്യസ് ജൂനിയര്‍ ഓഫ്‌സൈഡായതിനാല്‍ റയലിന് പെനാല്‍ട്ടി അനുവദിക്കപ്പെട്ടില്ല. ഇതില്‍ നിരാശനായാണ് ആന്റോണിയോ റൂഡിഗര്‍ റഫറിക്ക് നേരെ ഐസ് എറിഞ്ഞത്.
കളത്തിന് പുറത്തായിരുന്ന റൂഡിഗര്‍ അസ്വസ്ഥനായി പെരുമാറിയതോടെ താരത്തിന് റഫറി ചുവപ്പ് കാര്‍ഡ് ഉയര്‍ത്തുകയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു താരം റഫറിക്ക് നേരെ ഐസ് എറിഞ്ഞ് പ്രതിഷേധിച്ചത്. മോശം പെരുമാറ്റത്തിന് റൂഡിഗറിനെ ഇതോടെ കൂടുതല്‍ മത്സരങ്ങളില്‍ വിലക്കിയേക്കും. റൂഡിഗറിന്റെ പ്രതിഷേധത്തെ പിന്തുണച്ച് എത്തിയതോടെയാണ് ജൂഡ് ബെല്ലിങ്ങാം, വാസ്‌ക്വസ് എന്നിവര്‍ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. നേരത്തെ ഫൈനല്‍ മത്സരത്തില്‍ റഫറി റിക്കാര്‍ഡോ ഡ്ഡി ബര്‍ഗോസിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫൈനല്‍ മത്സരത്തിന് മുന്‍പ് റയല്‍ മാഡ്രിഡ് രംഗത്ത് വന്നിരുന്നു.