പലർക്കും പ്രിയപ്പെട്ടവരെ നഷ്ടമായി, ഐപിഎല്ലിൽ ചിയർ ലീഡേഴ്സും ഡിജെയും വേണ്ട, മത്സരങ്ങൾ മാത്രം നടക്കട്ടെയെന്ന് സുനിൽ ഗവാസ്കർ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങള്‍ പുനരാരംഭിക്കുമ്പോള്‍ ചിയര്‍ ലീഡേഴ്‌സിനെയും ഡിജെയേയും ഒഴിവാക്കണമെന്ന ആവശ്യവുമായി മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. ഐപിഎല്ലില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ നടത്തുമ്പോള്‍ മറ്റ് ആഘോഷങ്ങളൊന്നും വേണ്ടെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. അതിര്‍ത്തിയില്‍ ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമായതോടെയാണ് ഐപിഎല്‍ ഒരാഴ്ചയോളം നിര്‍ത്തിവെച്ചത്. ഇതിനെ തുടര്‍ന്ന് പഞ്ചാബ് കിങ്ങ്‌സ്- ഡല്‍ഹി ക്യാപ്പിറ്റല്‍സ് മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്നു.
ജമ്മുകശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ത്യ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളില്‍ നടത്തിയ മിന്നലാക്രമണമാണ് ഇന്ത്യ- പാക് സംഘര്‍ഷം രൂക്ഷമാകുന്നതിന് കാരണമായത്. പല കുടുംബങ്ങള്‍ക്കും പ്രിയപ്പെട്ടവരെ നഷ്ടമായി. അവര്‍ ആ സങ്കടത്തിലായിരിക്കും. അതുകൊണ്ട് ഐപിഎല്ലില്‍ ആഘോഷങ്ങള്‍ ഒഴിവാക്കാമെന്നാണ് ഗവാസ്‌കര്‍ ബിസിസിഐയോട് നിര്‍ദേശിച്ചത്.