ഐപിഎൽ ടീമുകൾക്ക് ആശ്വസിക്കാം, തിരിച്ചെത്താത്തവർക്ക് പകരക്കാരെ ഉൾപ്പെടുത്താം, ഒരൊറ്റ നിബന്ധന മാത്രം

അഭിറാം മനോഹർ

വ്യാഴം, 15 മെയ് 2025 (15:53 IST)
IPL 2025 Foriegn Players
ഐപിഎല്‍ മത്സരങ്ങള്‍ ശനിയാഴ്ച വീണ്ടും തുടങ്ങാനിരിക്കെ ഫ്രാഞ്ചൈസികള്‍ക്ക് ആശ്വാസം നല്‍കുന്ന തീരുമാനവുമായി ബിസിസിഐ. ഇന്ത്യയിലെ യുദ്ധ സമാനമായ സാഹചര്യത്തില്‍ മടങ്ങിപോയ വിദേശതാരങ്ങള്‍ തിരിച്ചെത്തിയില്ലെങ്കില്‍ അവര്‍ക്ക് പകരക്കാരായി പുതിയ താരങ്ങളെ ഉള്‍പ്പെടുത്താനുള്ള അനുമതിയാണ് ബിസിസിഐ നല്‍കിയിരിക്കുന്നത്. പരിക്കേറ്റ താരങ്ങള്‍ക്ക് പകരവും പുതിയ താരങ്ങളെ ഉള്‍പ്പെടുത്താം. എന്നാല്‍ ഇത്തരത്തില്‍ പകരക്കാരായി വരുന്ന താരങ്ങള്‍ക്ക് അടുത്ത സീസണില്‍ ടീമിനൊപ്പം തുടരാനാകില്ലെന്നും അടുത്ത താരലേലത്തില്‍ രജിസ്റ്റര്‍ ചെയ്ത് ടീമിലെത്തിയാല്‍ മാത്രമെ ഐപിഎല്‍ കളിക്കാനാകുവെന്നും ബിസിസിഐ വ്യക്തമാക്കി.
 
ഐപിഎല്ലില്‍ പന്ത്രണ്ടാം റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാവും മുന്‍പ് ടീമുകള്‍ക്ക് പരിക്കേറ്റ താരങ്ങള്‍ക്ക് പകരക്കാരെ കണ്ടെത്താന്‍ ബിസിസിഐ അനുമതി നല്‍കിയിരുന്നു. ഈ ഘട്ടത്തില്‍ ടീമിലെടുത്ത താരങ്ങളെ അടുത്ത സീസണിലും ടീമില്‍ ഉള്‍പ്പെടുത്താന്‍ അനുമതിയുണ്ടായിരുന്നു. ഇത് മുതലെടുത്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിരവധി യുവതാരങ്ങളെ തങ്ങളുടെ ടീമിന്റെ ഭാഗമാക്കുകയും അടുത്ത സീസണിനുള്ള ടീമിനെ കെട്ടിപ്പടുക്കുകയും ചെയ്തിരുന്നു. ദക്ഷിണാഫ്രിക്കന്‍ യുവതാരമായ ഡെവാള്‍ഡ് ബ്രെവിസും ആയുഷ് മാത്രയും ചെന്നൈയില്‍ എത്തിയത് ഇങ്ങനെയായിരുന്നു.
 
 രാജസ്ഥാന്‍ റോയല്‍സാകട്ടെ സന്ദീപ് ശര്‍മയ്ക്ക് പകരം ദക്ഷിണാഫ്രിക്കന്‍ പേസര്‍ നാന്ദ്രെ ബര്‍ഗറെയും നിതീഷ് റാണയ്ക്ക് പകരം ലുവാന്‍ ഡ്രേ പ്രിട്ടോറിയസിനെയും ഇങ്ങനെ ടീമിലെത്തിച്ചിരുന്നു. ബിസിസിഐയുടെ ഈ നടപടിയില്‍ വിമര്‍ശനം ഉയര്‍ന്നതോടെയാണ് തിരിച്ചുവരാത്ത വിദേശതാരങ്ങള്‍ക്ക് പകരം ടീമിലെടുക്കുന്ന താരങ്ങളെ അടുത്ത സീസണില്‍ നിലനിര്‍ത്താനാകില്ലെന്ന നിബന്ധന കര്‍ശനമാക്കിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍