അടുത്തമാസം ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മ ക്യാപ്റ്റന്‍ സ്ഥാനമൊഴിയുകയാണെങ്കില്‍ ക്യാപ്റ്റനാകാമെന്ന നിര്‍ദേശം ഒരു സീനിയര്‍ താരം മുന്നോട്ട് വെച്ചതായി റിപ്പോര്‍ട്ട്. നിര്‍ദേശം ബിസിസിഐ തള്ളികളഞ്ഞെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും രോഹിത് ശര്‍മ പൂര്‍ണ പരാജയമായിരുന്നു. അതിനാല്‍ തന്നെ ഇംഗ്ലണ്ട് പര്യടനത്തില്‍ രോഹിത് ക്യാപ്റ്റനായി തുടരുമോ എന്ന കാര്യത്തില്‍ ബിസിസിഐയ്ക്കും സെലക്ടര്‍മാര്‍ക്കും അനിശ്ചിതത്വമുണ്ട്. പരിക്കും ജോലി ഭാരവും കണക്കിലെടുത്ത് ജസ്പ്രീത് ബുമ്രയെ ടെസ്റ്റ് ക്യാപ്റ്റന്‍സിയിലേക്ക് ടീം പരിഗണിക്കാന്‍ സാധ്യത കുറവാണ്. ഈ സാഹചര്യത്തില്‍ രോഹിത്തിന് പിന്‍ഗാമിയായി ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത് എന്നിവരെ വളര്‍ത്തിയെടുക്കാനാണ് ബിസിസിഐയുടെ ശ്രമം.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ക്യാപ്റ്റനാകാന്‍ രോഹിത് താത്പര്യം പ്രകടിപ്പിച്ചില്ലെങ്കില്‍ ഇന്ത്യയ്ക്ക് പുതിയ നായകനെ കണ്ടെത്തേണ്ടി വരും. ഇതിനാല്‍ ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത് എന്നിവര്‍ എത്രമാത്രം തയ്യാറാണ് എന്നതും ബിസിസിഐയെ കുഴക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ നായകനെ കണ്ടെത്തുന്നത് വരെ ഇടക്കാല നായകനാകാമെന്ന നിര്‍ദേശം സീനിയര്‍ താരം മുന്നോട്ട് വെച്ചത്. എന്നാല്‍ ഇടക്കാല ക്യാപ്റ്റന്‍ എന്ന നിര്‍ദേശത്തോടെ പരിശീലകന്‍ ഗൗതം ഗംഭീറിന് താത്പര്യമില്ലെന്നും അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലേക്ക് സ്ഥിരം നായകനെ തന്നെ വേണമെന്നും നിലപാട്ട് എടുത്തതായി സൂചനയുണ്ട്.
ഇംഗ്ലണ്ടിനെതിരെ നായകനായി രോഹിത് തുടരുകയാണെങ്കില്‍ ശുഭ്മാന്‍ ഗില്ലാകും ടീമിന്റെ ഉപനായകന്‍. നിലവില്‍ ടി20യിലും ഏകദിനത്തിലും ഇന്ത്യന്‍ ടീമിന്റെ ഉപനായകനാണ് ഗില്‍. ഗില്ലിനെ ഇത്തരത്തില്‍ 3 ഫോര്‍മാറ്റ് നായകനാക്കാനാണ് നിലവില്‍ ബിസിസിഐ ഉദ്ദേശിക്കുന്നത്. അടുത്ത ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മുതല്‍ എവേ വിജയങ്ങള്‍ക്ക് കൂടുതല്‍ പോയന്റുകള്‍ ഉണ്ട് എന്നതിനാല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര വിജയം ഇന്ത്യയ്ക്ക് പ്രധാനമാണ്.