സ്റ്റേഡിയം ഇരുട്ടിലായി, ഒരാൾ വന്ന് നിങ്ങൾ ഇപ്പോൾ തന്നെ പോകണമെന്ന് പറഞ്ഞു, 60 കിലോമീറ്റർ അകലെ ബോംബിങ് നടന്നെന്ന് പിന്നെയാണ് അറിഞ്ഞത്, ധരംശാലയിൽ നടന്നത് വിവരിച്ച് അലൈസ ഹീലി
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നതിനിടെയാണ് ഇന്ത്യയില്‍ ഐപിഎല്‍ മത്സരങ്ങളും സംഘടിക്കപ്പെട്ടത്. പാകിസ്ഥാന്റെ ഭാഗത്ത് നിന്നും ശക്തമായ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ധരംശാല സ്റ്റേഡിയത്തില്‍ സങ്കടിപ്പിക്കപ്പെട്ട പഞ്ചാബ് കിംഗ്‌സ് (PBKS), ഡല്‍ഹി കാപ്പിറ്റല്‍സ് (DC) മത്സരം സുരക്ഷാകാരണങ്ങളാല്‍ റദ്ദാക്കിയിരുന്നു. സ്റ്റേഡിയത്തില്‍ പെട്ടെന്ന് ബ്ലാക്കൗട്ട് പ്രഖ്യാപിക്കുകയും താരങ്ങളെയും കാണികളെയുമെല്ലാം അവിടെ നിന്ന് മാറ്റുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് റദ്ദാക്കിയ ഐപിഎല്‍ മത്സരങ്ങള്‍ ഈ മാസം 17നാണ് പുനരാരംഭിക്കുന്നത്. ഈ സാഹചര്യത്തില്‍ അന്ന് ധരംശാലയിലുണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് താരം മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഭാര്യയും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരവുമായ അലൈസ ഹീലി.The Willow Talk Podcastലാണ് അലൈസ ഹീലി മനസ്സ് തുറന്നത്.
ഡല്‍ഹി- പഞ്ചാബ് മത്സരം നടക്കുന്നതിനിടെ പെട്ടെന്നായിരുന്നു ലൈറ്റ് ടവറുകള്‍ അണച്ചത്. ഞങ്ങള്‍ സത്യത്തില്‍ അവിടെ തന്നെ കാത്തിരിക്കുകയായിരുന്നു. പിന്നീട് ഒരാള്‍ വന്ന് ഞങ്ങളോട് 'ഇപ്പോള്‍ തന്നെ പോകണം' എന്ന് പറഞ്ഞു. അയാളുടെ മുഖം വിളറിയിരുന്നു. ഡ്രസിങ് റൂമിലെത്തിയപ്പോള്‍ ഫാഫ് ഡുപ്ലെസിയുടെ കാലില്‍ ചെരുപ്പ് പോലും ഉണ്ടായിരുന്നില്ല. 60 കിലോമീറ്റര്‍ അടുത്തുള്ള ഒരു പട്ടണത്തില്‍ മിസൈല്‍ ബോംബിങ് നടന്നെന്ന് മിച്ചല്‍ സ്റ്റാര്‍ക് അവരോട് പറൗന്നുണ്ടായിരുന്നു. അതിര്‍ത്തിയോട് ചേര്‍ന്ന് ബോംബിങ് നടക്കുമ്പോള്‍ ധര്‍മ്മശാല സ്റ്റേഡിയം ഒരു ബീക്കണ്‍ പോലെയായിരുന്നു, അതിനാലാണ് ലൈറ്റുകള്‍ ഓഫ് ചെയ്തത്. പിന്നീട് ഞങ്ങളെ ഒരു ഹോള്‍ഡിംഗ് റൂമിലേക്ക് കൊണ്ടുപോയി. എല്ലാവരും ടെന്‍ഷനിലായിരുന്നു. പിന്നീട് ഓരോ വാഹനങ്ങളില്‍ കയറ്റി ഹോട്ടലിലേക്ക് മടങ്ങി. ഞങ്ങള്‍ക്ക് എന്താണെന്ന് നടക്കുന്നതെന്ന് പോലും അപ്പോള്‍ മനസിലായിരുന്നില്ല. പഞ്ചാബ് കിംഗ്‌സിന് കളിക്കുന്ന ശ്രേയസ് അയ്യരും ബസിലുണ്ടായിരുന്നു. അലൈസ ഹീലി പറഞ്ഞു.