പഹല്‍ഗാമില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ പാക് ഭീകരരുടെ 9 ഇടങ്ങളിലാണ് ഇന്ത്യ ആക്രമണം അഴിച്ചുവിട്ടത്. പാക് മണ്ണ് സ്ഥിരമായി ഭീകരര്‍ തങ്ങളുടെ മണ്ണായി ഉപയോഗിക്കുന്നുവെന്നും ഇതിനെ നിയന്ത്രിക്കണമെന്നും കാലങ്ങളായി ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെടുന്നതാണ്. എന്നാല്‍ ഈ ആരോപണങ്ങളെ നിഷേധിക്കുക മാത്രമാണ് പാകിസ്ഥാന്‍ ചെയ്യാറുള്ളത്. എന്നാല്‍ ഇത്തവണ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണം ഇന്ത്യയുടെ സെക്കുലര്‍ ആത്മാവിനെ കൂടി നോവിക്കുന്നതായിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരര്‍ക്കെതിരെ അവരുടെ ഭീകരകേന്ദ്രങ്ങള്‍ക്കെതിരെ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ആക്രമണം അഴിച്ചുവിട്ടത്. പഹല്‍ഗാമില്‍ സിന്ദൂരം നഷ്ടമായ ഭാര്യമാര്‍ക്ക് സമര്‍പ്പിച്ചുകൊണ്ടുള്ള ആക്രമണത്തില്‍ ഭീകരരുടെ 9 കേന്ദ്രങ്ങളാണ് ഇന്ത്യ ലക്ഷ്യമിട്ടത്. എന്തുകൊണ്ടാണ് ഈ 9 ഇടങ്ങളെ ഇന്ത്യ തെരെഞ്ഞെടുത്തു എന്ന് നോക്കാം.
പാകിസ്ഥാന്‍-നിയന്ത്രിത കാശ്മീരിലും (PoK) പാകിസ്ഥാനിലുമായി ഒന്‍പത് ഭീകരവാദ കേന്ദ്രങ്ങളെയാണ് ഇന്ത്യ ലക്ഷ്യമിട്ടത്. സൈന്യം, വ്യോമസേന, നാവികസേന എന്നിവ ചേര്‍ന്ന് 1971-ലെ യുദ്ധത്തിന് ശേഷം ആദ്യമായാണ് ഇത്തരത്തില്‍ ട്രൈ-സര്‍വീസസ് ഓപ്പറേഷന്‍ നടത്തുന്നത്. ബഹവല്‍പൂര്‍ (പഞ്ചാബ്),മുറിദ്‌കെ (ലാഹോര്‍),കോട്‌ലി (PoK),ഗുല്‍പൂര്‍, സവായ്(മുസഫര്‍ബാദ്), സര്‍ജല്‍, ബര്‍ണാല, മെഹ്മൂന(സിയാല്‍കോട്ട്) എന്നിവിടങ്ങളിലാണ് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയത്. ഈ സ്ഥലങ്ങളുടെ പ്രാധാന്യം എങ്ങനെയെന്ന് നോക്കാം.
ബഹവല്‍പൂര്‍ (പഞ്ചാബ്): മസൂദ് അസ്ഹറിന്റെ ജൈഷ്-ഇ-മുഹമ്മദിന്റെ (JeM) ആസ്ഥാനം. 2001 പാര്‍ലമെന്റ് ആക്രമണം, 2019 പുല്‍വാമ ആക്രമണം എന്നിവ ആസൂത്രണം ചെയ്തത് ഈ കേന്ദ്രത്തില്‍ നിന്നായിരുന്നു.
മുറിദ്‌കെ (ലാഹോര്‍): ലഷ്‌കര്‍-ഇ-തോയ്ബയുടെ (LeT) 200 ഏക്കര്‍ വിസ്തൃതിയുള്ള ട്രെയിനിംഗ് ക്യാമ്പ്. 2008 മുംബൈ ആക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രം ഈ പരിശീലന ക്യാമ്പാണെന്നാണ് ഇന്ത്യ കരുതുന്നത്.
കോട്‌ലി (PoK):കശ്മീരിന് ഇന്ത്യയില്‍ നിന്നും മോചനം വേണമെന്ന് കരുതുന്ന കശ്മീരി യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്ന ക്യാമ്പ്. ഒരേസമയം 50 പേര്‍ക്ക് ഇവിടെ പരിശീലനം നല്‍കാനുള്ള സൗകര്യമുണ്ട്.
ഗുല്‍പൂര്‍: ജമ്മു-കാശ്മീരിലെ റാജൗറി, പൂഞ്ച് ജില്ലകളിലെ തീവ്രവാദത്തിന് പ്രധാനകാരണം ഈ കേന്ദ്രമാണ്
സവായ് (മുസഫര്‍ബാദ്): സോണ്‍മാര്‍ഗ്, ഗുല്‍മാര്‍ഗ്, പഹല്‍ഗാം ആക്രമണങ്ങളുമായി ബന്ധപ്പെട്ട ലഷ്‌കര്‍ ഇ തയ്ബയുടെ ക്യാമ്പ്.
സര്‍ജല്‍, ബര്‍ണാല: അന്തര്‍ദേശീയ അതിര്‍ത്തിയില്‍ നിന്നുള്ള ഭീകരവാദ ക്യാമ്പ്
മെഹ്മൂന (സിയാല്‍ക്കോട്ട്): ഹിസ്ബുള്‍ മുജാഹിദീന്റെ പ്രധാന പ്രവര്‍ത്തന കേന്ദ്രം
ഇന്ത്യന്‍ സമയം പുലര്‍ച്ചെ1:44ന് നടന്ന പ്രെസിഷന്‍ സ്‌ട്രൈക്കില്‍ ക്രൂയ്‌സ് മിസൈലുകള്‍, ഏരിയല്‍ ബോംബിങ് എന്നിവയാണ് സൈന്യം ഉപയോഗിച്ചത്. പാക് സൈനികകേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയിട്ടില്ലെന്നും ഭീകരവാദ ക്യാമ്പുകളെ തിരെഞ്ഞുപിടിച്ചാണ് ഇന്ത്യയുടെ ആക്രമണമെന്നും ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയുടെ പോരാട്ടം ഭീകരവാദത്തിനോട് മാത്രമാണെന്നും ഇന്ത്യ അറിയിച്ചു. അതേസമയം അന്താരാഷ്ട്ര സമൂഹം ആശങ്കയോടെയാണ് നിലവിലെ സ്ഥിതിഗതികളെ വീക്ഷിക്കുന്നത്.