Operation Sindoor: ഓപ്പറേഷൻ സിന്ദൂർ: നുണകൾ പടച്ചുവിട്ട് പാകിസ്ഥാൻ, ഇന്ത്യയിൽ ആക്രമണം നടത്തിയെന്ന് പ്രചാരണം

നിഹാരിക കെ.എസ്

ബുധന്‍, 7 മെയ് 2025 (08:40 IST)
പഹൽഗാമിലെ കണ്ണീരിന് മറുപടിയായി ഇന്ത്യൻ സൈന്യം പാകിസ്ഥാന്റെ ഉള്ളിൽ കയറിയും പാക് അധീന കാശ്മീരിലും നടത്തിയ തിരിച്ചറിയിൽ ഞെട്ടിയിരിക്കുകയാണ് പാക് കേന്ദ്രങ്ങൾ. 16–ാം ദിവസം ഇന്ത്യ നൽകിയ മറുപടിക്ക് പിന്നാലെ നുണകൾ പ്രചരിപ്പിക്കുകയാണ് പാക് മാധ്യമങ്ങൾ. തെറ്റായ വാര്‍ത്തകളും വിവരങ്ങളുമാണ് പാക് മാധ്യമങ്ങളും സര്‍ക്കാര്‍ അനുബന്ധ കേന്ദ്രങ്ങളും പടച്ചുവിടുന്നത്. 
 
ബുധനാഴ്ച പുലര്‍ച്ചെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരിന് പിറകെ പാക് കേന്ദ്രീകരിച്ചുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ ഒട്ടേറെ അവകാശവാദങ്ങളാണ് ഉന്നയിക്കപ്പെടുന്നത്. അവയില്‍ പലതും അടിസ്ഥാനവിരുദ്ധമാണ്. ഇന്ത്യയില്‍ 15 സ്ഥലങ്ങളിൽ മിസൈല്‍ ആക്രമണം നടത്തിയെന്നും പാകിസ്താന്‍ തിരിച്ചടിച്ചുവെന്നുമൊക്കെയാണ് കള്ളാ പ്രചാരണം. 
 
നുണപ്രചാരണങ്ങള്‍ക്കൊപ്പംതന്നെ ഇതുമായി ബന്ധമില്ലാത്ത ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പങ്കുവെയ്ക്കുന്നുമുണ്ട്. ഇവ പലതും പഴയ സംഭവങ്ങളുടേതോ മുന്‍കാലങ്ങളുമായി ബന്ധപ്പെട്ടതോ ഒക്കെയാണ്. പാകിസ്താനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചുകൊണ്ടാണ് ഇന്ത്യ പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടി നൽകിയത്. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട് നടത്തിയ ആക്രമണത്തിൽ ഇതുവരെ 80 ലധികം ഭീകരർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.
 
നിരോധിത ഭീകര സംഘടനകളായ ജെയ്‌ഷെ മുഹമ്മദ് (ജെ‌ഇ‌എം), ലഷ്‌കർ-ഇ-തൊയ്ബ (എൽ‌ഇ‌ടി), ഹിസ്ബുൾ മുജാഹിദീൻ എന്നിവയുമായി ബന്ധപ്പെട്ട ഒമ്പത് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ട അതിർത്തി കടന്നുള്ള ആക്രമണം. ജെയ്‌ഷെ മുഹമ്മദ് ശക്തികേന്ദ്രങ്ങളായ ബഹവൽപൂരിലും മുരിദ്കെയിലുമാണ് ഏറ്റവും വലിയ ആക്രമണം നടന്നത്. ഓരോ സ്ഥലത്തും ഏകദേശം 25–30 തീവ്രവാദികൾ കൊല്ലപ്പെട്ടു. മുരിദ്കെയിൽ, ലഷ്കർ ഇ തൊയ്ബയുടെ നാഡീ കേന്ദ്രവും പ്രത്യയശാസ്ത്ര ആസ്ഥാനവുമായ മസ്ജിദ് വാ മർകസ് തൈബയായിരുന്നു ഇന്ത്യൻ സൈന്യത്തിന്റെ ലക്‌ഷ്യം. പാകിസ്ഥാന്റെ 'ഭീകര നഴ്‌സറി' എന്ന് പണ്ടേ കണക്കാക്കപ്പെട്ട കേന്ദ്രമാണിത്. അതിർത്തിയിൽ വെടിവെയ്പ്പ് ഇപ്പോഴും തുടരുകയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍