പഹൽഗാമിലെ കണ്ണീരിന് 16–ാം ദിവസം മറുപടി നൽകി ഇന്ത്യൻ സൈന്യം. ബുധനാഴ്ച പുലർച്ചെ പാകിസ്ഥാൻ, പാക് അധീന കശ്മീരിലെ (പിഒകെ) ഭീകര ക്യാമ്പുകളിൽ ഇന്ത്യൻ സായുധ സേന നടത്തിയ ആക്രമണങ്ങളിൽ 80 ലധികം ഭീകരർ കൊല്ലപ്പെട്ടതായി ഉന്നത സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. നിരോധിത ഭീകര സംഘടനകളായ ജെയ്‌ഷെ മുഹമ്മദ് (ജെഇഎം), ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി), ഹിസ്ബുൾ മുജാഹിദീൻ എന്നിവയുമായി ബന്ധപ്പെട്ട ഒമ്പത് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ട അതിർത്തി കടന്നുള്ള ആക്രമണം.
ജെയ്‌ഷെ മുഹമ്മദ് ശക്തികേന്ദ്രങ്ങളായ ബഹവൽപൂരിലും മുരിദ്കെയിലുമാണ് ഏറ്റവും വലിയ ആക്രമണം നടന്നത്. ഓരോ സ്ഥലത്തും ഏകദേശം 25–30 തീവ്രവാദികൾ കൊല്ലപ്പെട്ടു. മുരിദ്കെയിൽ, ലഷ്കർ ഇ തൊയ്ബയുടെ നാഡീ കേന്ദ്രവും പ്രത്യയശാസ്ത്ര ആസ്ഥാനവുമായ മസ്ജിദ് വാ മർകസ് തൈബയായിരുന്നു ഇന്ത്യൻ സൈന്യത്തിന്റെ ലക്‌ഷ്യം. പാകിസ്ഥാന്റെ 'ഭീകര നഴ്‌സറി' എന്ന് പണ്ടേ കണക്കാക്കപ്പെട്ട കേന്ദ്രമാണിത്.
മറ്റ് ലക്ഷ്യസ്ഥാനങ്ങളിലെ മരണസംഖ്യ ഇന്റലിജൻസ് ഏജൻസികൾ ഇപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. പ്രാഥമിക വിലയിരുത്തലുകൾ പ്രകാരം 80 നും 90 നും ഇടയിൽ തീവ്രവാദികൾ കൊല്ലപ്പെട്ടിട്ടിട്ടുണ്ട്. ജെയ്‌ഷെ മുഹമ്മദും ലഷ്‌കർ ഇ തൊയ്ബയും നടത്തുന്ന ലോഞ്ച് പാഡുകൾ, പരിശീലന ക്യാമ്പുകൾ, തീവ്രവാദ കേന്ദ്രങ്ങൾ എന്നിവയും ഇന്ത്യൻ സൈന്യം തകർത്തു.
ഒൻപത് കേന്ദ്രങ്ങളിൽ നാലെണ്ണം പാകിസ്ഥാനുള്ളിലായിരുന്നു. ബാക്കി അഞ്ചെണ്ണം പിഒകെയിലായിരുന്നു. പാകിസ്ഥാൻ സൈന്യം, ഐഎസ്‌ഐ, സ്പെഷ്യൽ സർവീസസ് ഗ്രൂപ്പ് (എസ്‌എസ്‌ജി) എന്നിവയിലെ ഘടകങ്ങൾ തീവ്രവാദ പരിശീലന അടിസ്ഥാന സൗകര്യങ്ങളെ പിന്തുണയ്ക്കുന്നതിൽ പങ്കാളികളാണെന്ന് ആരോപിക്കപ്പെടുന്നുണ്ടെങ്കിലും പാകിസ്ഥാൻ സൈനിക സ്ഥാപനങ്ങളൊന്നും ഇന്ത്യ ലക്ഷ്യമിട്ടില്ല.
അതേസമയം, ആക്രമണത്തിൽ ഒരു കുട്ടി ഉൾപ്പെടെ എട്ട് സാധാരണക്കാർ കൊല്ലപ്പെട്ടതായും ആക്രമണത്തെ "നഗ്നമായ യുദ്ധപ്രവൃത്തി" എന്നും പാകിസ്ഥാൻ ആരോപിച്ചു. ആക്രമണങ്ങളെത്തുടർന്ന്, ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും പാകിസ്ഥാൻ സൈന്യം കനത്ത അതിർത്തി കടന്നുള്ള ഷെല്ലാക്രമണം നടത്തി. ഇന്ത്യൻ ഭാഗത്ത് മൂന്ന് സാധാരണക്കാർ കൊല്ലപ്പെട്ടതായി ഇന്ത്യൻ ഉദ്യോഗസ്ഥർ പറഞ്ഞു.അതിർത്തിയിൽ വെടിവെയ്പ്പ് തുടരുകയാണ്.