ന്യൂഡല്‍ഹി: ജൂണ്‍ 20 മുതല്‍ ഇംഗ്ലണ്ടിനെതിരെ 5 മത്സരങ്ങളുള്ള ടെസ്റ്റ് സീരിസ് തുടങ്ങുന്നതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്.രോഹിത് ശര്‍മ, ആര്‍ അശ്വിന്‍, വിരാട് കോലി എന്നിങ്ങനെ ടീമിലെ 3 പ്രധാന സീനിയര്‍ താരങ്ങളില്ലാതെയാകും ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കളിക്കാനിറങ്ങുക. വിരാട് കോലി വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ ആരാകും ഇന്ത്യയുടെ പുതിയ നാലാം ബമ്പര്‍ താരം എന്നറിയാന്‍ ആരാധകര്‍ക്കും വലിയ ആകാംക്ഷയാണുള്ളത്. നിലവില്‍ ശ്രേയസ് അയ്യര്‍,കരുണ്‍ നായര്‍ എന്നിവരുടെ പേരുകളാണ് ഈ സ്ഥാനത്തിലേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്. ഇപ്പോഴിതാ ഈ സാഹചര്യത്തില്‍ ഇന്ത്യ കരുണ്‍ നായര്‍ക്ക് നാലാം സ്ഥാനത്ത് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നറും ഇതിഹാസ താരവുമായ അനില്‍ കുംബ്ലെ.
2017-ലെ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്കായി നേടിയ ട്രിപ്പിള്‍ സെഞ്ചുറി പ്രകടനത്തിന് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കളിക്കാന്‍ കരുണിനായിട്ടില്ല. കഴിഞ്ഞ രഞ്ജി സീസണില്‍ വിദര്‍ഭയ്ക്കായി 9 മത്സരങ്ങളില്‍ നിന്നും 863 റണ്‍സുമായി തകര്‍പ്പന്‍ പ്രകടനമാണ് കരുണ്‍ നായര്‍ നടത്തിയത്. 53.93 എന്ന മികച്ച ബാറ്റിംഗ് ശരാശരിയോടെയായിരുന്നു കരുണിന്റെ പ്രകടനം.
ഇംഗ്ലണ്ടില്‍ കളിച്ച് പരിചയമുള്ള കരുണ്‍ ഇന്ത്യയുടെ നമ്പര്‍ 4 സ്ഥാനമെന്ന ഉത്തരവാദിത്തം നിറവേറ്റാന്‍ ഏറ്റവും അനുയോജ്യനാണ് എന്നാണ് കുംബ്ലെ അഭിപ്രായപ്പെടുന്നത്. 'ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റ് കളിച്ചിട്ടുള്ള കരുണിന് അവിടത്തെ പിച്ച്, കാലാവസ്ഥ എന്നിവയെക്കുറിച്ച് നല്ല അറിവുണ്ട്. ടീമില്‍ അനുഭവമുള്ള ഒരാളെ കൊണ്ടുവരേണ്ടത് ആവശ്യമാണ്. പ്രത്യേകിച്ച് സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ഇഎസ്പിഎന്‍ ക്രിക്കിന്‍ഫോയോട് സംസാരിക്കവെ അനില്‍ കുംബ്ലെ പറഞ്ഞു.
രഞ്ജി ട്രോഫിയില്‍ ഇത്രയും മികച്ച പ്രകടനം നടത്തിയ താരത്തിന് ഇന്ത്യന്‍ ടീമിലെ സ്ഥാനത്തിന് അര്‍ഹതയുണ്ട്. അവന് നാലാം നമ്പര്‍ സ്ഥാനത്ത് കളിക്കാന്‍ കഴിയും എന്തെന്നാല്‍ ഒട്ടേറെ മത്സരപരിചയം അവനുണ്ട്. അവനെ പോലുള്ള ദേശീയ ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം നടത്തുന്നവരെ ടീമില്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണെന്നാണ് എന്റെ അഭിപ്രായം. ഒരു തലമുറയ്ക്ക് പ്രചോദനം നല്‍കാന്‍ ഈ തീരുമാനം സഹായിക്കും. കരുണിനെപ്പോലെ ആഭ്യന്തര ക്രിക്കറ്റില്‍ മികവ് തെളിയിക്കുന്നവര്‍ക്ക് അവസരം നല്‍കിയാല്‍ മറ്റ് യുവാക്കള്‍ക്കും അത് പ്രതീക്ഷ നല്‍കുമെന്നും കുംബ്ലെ കൂട്ടിച്ചേര്‍ത്തു.