ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹിക്ക് 19 ഓവറില്‍ 193 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 135/3 എന്ന നിലയില്‍ നിന്ന് പിന്നീട് 58 റണ്‍സെടുക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകളെല്ലാം നഷ്ടപ്പെട്ട് ഡല്‍ഹി ഓള്‍ഔട്ട് ആകുകയായിരുന്നു. വണ്‍ഡൗണ്‍ ആയി ക്രീസിലെത്തിയ കരുണ്‍ നായര്‍ 40 പന്തില്‍ 12 ഫോറും അഞ്ച് സിക്‌സും സഹിതം 89 റണ്‍സ് നേടി. തുടക്കം മുതല്‍ ആക്രമിച്ചു കളിക്കുകയായിരുന്നു കരുണ്‍. 'ഇംപാക്ട്' എന്നാല്‍ എന്താണെന്ന് ക്രീസില്‍ നിന്ന സമയം മുഴുവന്‍ കരുണ്‍ നായര്‍ കാണിച്ചു കൊടുത്തു.
2016 ലാണ് കരുണ്‍ നായര്‍ ഇന്ത്യക്കായി അവസാന ഏകദിനം കളിച്ചത്. ആറ് ടെസ്റ്റുകളിലും രണ്ട് ഏകദിനങ്ങളിലും മാത്രം ഒതുങ്ങിയതാണ് കരുണിന്റെ രാജ്യാന്തര കരിയര്‍. ടെസ്റ്റില്‍ 62.33 ശരാശരിയില്‍ 374 റണ്‍സും ഏകദിനത്തില്‍ 23 ശരാശരിയില്‍ 46 റണ്‍സുമാണ് കരുണ്‍ ഇന്ത്യക്കായി സ്‌കോര്‍ ചെയ്തിരിക്കുന്നത്. പിന്നീട് ഫോംഔട്ടിനെ തുടര്‍ന്ന് കരുണ്‍ ഇന്ത്യന്‍ സെറ്റപ്പില്‍ നിന്ന് പുറത്തായി. ക്രിക്കറ്റ് ഭാവി ഏറെക്കുറെ അസ്തമിച്ച സമയത്ത് കരുണ്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വരികള്‍ ഏറെ ഹൃദയഭേദകമായിരുന്നു. 2022 ഡിസംബര്‍ 10 നു ട്വിറ്ററിലൂടെ കരുണ്‍ കുറിച്ചത് ഇങ്ങനെ, ' പ്രിയപ്പെട്ട ക്രിക്കറ്റ്, എനിക്ക് ഒരു അവസരം കൂടി തരുമോ'. രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് അസാധ്യമായിരിക്കുമ്പോഴും കരുണ്‍ ഇന്ത്യന്‍ ആരാധകരെ ഞെട്ടിക്കുന്നത് തുടരുന്നു.