Karun Nair: ഇവന് സെഞ്ചുറിയടിച്ച് വട്ടായതാണ്, 6 ഇന്നിങ്ങ്സിൽ 5 സെഞ്ചുറിയടക്കം 664 റൺസ്, ചാമ്പ്യൻസ് ട്രോഫി ടീമിൽ സർപ്രൈസ് എൻട്രിയാകുമോ കരുൺ നായർ?

അഭിറാം മനോഹർ

തിങ്കള്‍, 13 ജനുവരി 2025 (12:52 IST)
Karun Nair
ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമില്‍ ആരെയെല്ലാം ഉള്‍പ്പെടുത്തുമെന്ന് തലപുകയ്ക്കുന്ന ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിക്ക് തലവേദന കൂട്ടി മലയാളി താരം കരുണ്‍ നായര്‍. വിജയ് ഹസാരെ ട്രോഫിയില്‍ മിന്നുന്ന പ്രകടനമാണ് വിദര്‍ഭയ്ക്കായി താരം നടത്തുന്നത്. 6 ഇന്നിങ്ങ്‌സുകളില്‍ നിന്നും 5 തവണയാണ് താരം സെഞ്ചുറി നെടിയത്. ഇതുവരെ 7 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 6 ഇന്നിങ്ങ്‌സുകളില്‍ നിന്ന് അഞ്ച് സെഞ്ചുറിയടക്കം നേടിയത് 664 റണ്‍സ്. ആറില്‍ അഞ്ചിലും പുറത്താകാതെ നിന്നതോടെ ടൂര്‍ണമെന്റിലെ താരത്തിന്റെ ബാറ്റിംഗ് ശരാശരി 664 റണ്‍സാണ്.
 
 ആഭ്യന്തര ക്രിക്കറ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ കളിക്കണമെന്ന് ബിസിസിഐ നിര്‍ബന്ധം പിടിക്കുമ്പോള്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്‍പായി കരുണ്‍ നായര്‍ പുറത്തെടുത്ത പ്രകടനത്തെ അവഗണിക്കാന്‍ സെലക്ടര്‍മാര്‍ക്ക് സാധിക്കില്ല. അങ്ങനെയെങ്കില്‍ അവസാന നിമിഷം സഞ്ജുവല്ലാതെ ഒരു മലയാളി താരം ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഇടം പിടിച്ചേക്കും. ലിസ്റ്റ് എ ക്രിക്കറ്റില്‍ തുടര്‍ച്ചയായ 4 ഇന്നിങ്ങ്‌സുകളില്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരവും എല്ലാ രാജ്യങ്ങളെയുമെടുത്താല്‍ അഞ്ചാമത്തെ താരവുമാണ് കരുണ്‍ നായര്‍.
 
 ഡിസംബര്‍ 23ന് ജമ്മു കശ്മീരിനെതിരെ 112* ആയാണ് റണ്‍വേട്ടയ്ക്ക് കരുണ്‍ നായര്‍ തുടക്കമിട്ടത്. തുടര്‍ന്നുള്ള മത്സരങ്ങളിലെ താരത്തിന്റെ പ്രകടനം ഇങ്ങനെ: ചത്തിസ്ഗഡിനെതിരെ 44*(52), ചണ്ഡീഗഡിനെതിരെ 111*(103), ഉത്തര്‍പ്രദേശിനെതിരെ 112(101), രാജസ്ഥാനെതിരെ 122*(82) ഈ പ്രകടനങ്ങളോടെ ലിസ്റ്റ് എ ക്രിക്കറ്റില്‍ തുടര്‍ച്ചയായി ഏറ്റവുമധികം മത്സരങ്ങളില്‍ പുറത്താകാതെ കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡും കരുണ്‍ സ്വന്തമാക്കി. അഞ്ച് മത്സരങ്ങളില്‍ 4 സെഞ്ചുറി സഹിതം 542 റണ്‍സ് അടിച്ചുകൂട്ടിയ ശേഷമാണ് ഉത്തര്‍പ്രദേശിനെതിരെ താരം പുറത്തായത്. 2019ല്‍ ന്യൂസിലന്‍ഡ് താരം ജയിംസ് ഫ്രാങ്ക്‌ളിന്‍ സ്ഥാപിച്ച 527 റണ്‍സിന്റെ റെക്കോര്‍ഡാണ് താരം മറികടന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍