റിഷഭ് പന്ത് എഡ്ജായി ഔട്ടാകുന്നത് കണ്ടിട്ടുണ്ടോ?, എൽ ബി ഡബ്യു ആയിട്ടെങ്കിലും?, ഇന്ത്യൻ ടീമിൽ ഏറ്റവും മികച്ച ഡിഫൻസ് ടെക്നിക് പന്തിനെന്ന് അശ്വിൻ

അഭിറാം മനോഹർ

വെള്ളി, 10 ജനുവരി 2025 (19:20 IST)
അന്താരാഷ്ട്ര ക്രിക്കറ്റില്‍ വേറിട്ട ക്രിക്കറ്റ് ഷോട്ടുകളിലൂടെയും ആക്രമണോത്സുകമായ ബാറ്റിംഗിലൂടെയും ശ്രദ്ധേയനായ താരമാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത്. പലപ്പോഴും മോശം ഷോട്ട് സെലക്ഷനിലൂടെയാണ് പന്ത് തന്റെ വിക്കറ്റ് നഷ്ടപ്പെടുത്താറുള്ളത്. ഇതിന് വലിയ രീതിയിലുള്ള വിമര്‍ശനവും ഏറ്റുവാങ്ങേണ്ടി വരാറുണ്ട്.  എന്നാല്‍ ആക്രമണോത്സുകമല്ലാത്ത രീതിയില്‍ ബാറ്റ് വീശിയപ്പോള്‍ കാര്യമായി റണ്‍സ് നേടാനും പന്തിനായിരുന്നില്ല.
 
 കാര്യങ്ങള്‍ ഇങ്ങനെയെല്ലാമാണെങ്കിലും ഇന്ത്യന്‍ ടീമില്‍ ഏറ്റവും മികച്ച ഡിഫന്‍സ് ടെക്‌നിക് ഉള്ള ബാറ്റര്‍ റിഷഭ് പന്താണെന്നാണ് മുന്‍ ഇന്ത്യന്‍ സ്പിന്നറായ രവിചന്ദ്രന്‍ അശ്വിന്‍ പറയുന്നത്. അവന്റെ പൊട്ടെന്‍ഷ്യല്‍ എത്രമാത്രമാണെന്ന് അവനറിയില്ല എന്നതാണ് സത്യം. അവന്‍ ഒരുപാട് റണ്‍സ് നേടിയിട്ടുള്ള താരമല്ല, എന്നാല്‍ റണ്‍സ് നേടാത്ത താരവുമല്ല. അവന് ക്രീസില്‍ മറ്റുള്ളവരേക്കാള്‍ സമയം ലഭിക്കുന്നുണ്ട്. റിവേഴ്‌സ് സ്‌കൂപ്പ്, സ്ലോഗ് സ്വീപ് മുതല്‍ എല്ലാ ഷോട്ടുകളും അവന്റെ കയ്യിലുണ്ട്. എന്നാല്‍ ഇതെല്ലാം റിസ്‌ക് കൂടിയ ഷോട്ടുകളാണ്.
 
 അവന്റെ ഡിഫന്‍സ് വെച്ച് അവന്‍ 200 പന്തുകള്‍ നേരിടുകയാണെങ്കില്‍ പോലും ഒരുപാട് റണ്‍സ് നേടാന്‍ കഴിയും. ഡിഫന്‍സിന്റെയും അറ്റാക്കിംഗിന്റെയും നടുവിലെ ഒരു സ്‌പേസ് കണ്ടെത്തുക എന്നതാണ് പ്രധാനം. അങ്ങനെയെങ്കില്‍ എല്ലാ കളിയിലും 100 നേടാന്‍ പന്തിന് സാധിക്കും. സിഡ്‌നിയില്‍ 2 തരത്തിലുള്ള ഇന്നിങ്ങ്‌സാണ് അവന്‍ കളിച്ചത്. ആദ്യത്തേതില്‍ ഒരുപാട് പന്തുകള്‍ നേരിട്ട് 40 റണ്‍സ് നേടി. രണ്ടാം ഇന്നിങ്ങ്‌സില്‍ തകര്‍ത്തടിച്ചുകൊണ്ട് അര്‍ധസെഞ്ചുറിയും. എല്ലാവരും ആദ്യ ഇന്നിങ്ങ്‌സിനെ സൗകര്യപൂര്‍വം മറന്നു. ലോകക്രിക്കറ്റില്‍ സ്മിത്തിനും ജോ റൂട്ടിനും ഒപ്പം നില്‍ക്കാവുന്ന തരത്തിലുള്ള ഡിഫന്‍സീവ് ടെക്‌നിക് പന്തിനുണ്ട്.
 
 നിങ്ങള്‍ ശരിക്ക് വിലയിരുത്തി നോക്കിയാല്‍ പന്ത് ഡിഫന്‍സ് ഷോട്ട് കളിച്ച് ഔട്ടായത് വലരെ ചുരുക്കമാണെന്ന് കാണാം. ലോക ക്രിക്കറ്റിലെ തന്നെ മികച്ച ഡിഫന്‍സ് ടെക്‌നിക് അവന്റെ കയ്യിലുണ്ട്. ഡിഫന്‍ഡ് ചെയ്യാന്‍ ശ്രമിച്ച് പന്ത് 10 തവണ ഔട്ടായത് നിങ്ങള്‍ക്ക് കാണിക്കാന്‍ പറ്റുമെങ്കില്‍ എന്റെ പേരു പോലും ഞാന്‍ തിരുത്താന്‍ റെഡിയാണ്.  ഞാന്‍ നെറ്റ്‌സില്‍ അവനെതിരെ പന്തെറിഞ്ഞിട്ടുണ്ട്. ഔട്ടാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ എഡ്ജായോ എല്‍ബിഡബ്യു ആയോ അവന്‍ ഔട്ടാകാറില്ല. അശ്വിന്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍