2016 ലാണ് കരുണ്‍ നായര്‍ ഇന്ത്യക്കായി അവസാന ഏകദിനം കളിച്ചത്. ആറ് ടെസ്റ്റുകളിലും രണ്ട് ഏകദിനങ്ങളിലും മാത്രം ഒതുങ്ങിയതാണ് കരുണിന്റെ രാജ്യാന്തര കരിയര്‍. ടെസ്റ്റില്‍ 62.33 ശരാശരിയില്‍ 374 റണ്‍സും ഏകദിനത്തില്‍ 23 ശരാശരിയില്‍ 46 റണ്‍സുമാണ് കരുണ്‍ ഇന്ത്യക്കായി സ്‌കോര്‍ ചെയ്തിരിക്കുന്നത്. പിന്നീട് ഫോംഔട്ടിനെ തുടര്‍ന്ന് കരുണ്‍ ഇന്ത്യന്‍ സെറ്റപ്പില്‍ നിന്ന് പുറത്തായി. ക്രിക്കറ്റ് ഭാവി ഏറെക്കുറെ അസ്തമിച്ച സമയത്ത് കരുണ്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വരികള്‍ ഏറെ ഹൃദയഭേദകമായിരുന്നു. 2022 ഡിസംബര്‍ 10 നു ട്വിറ്ററിലൂടെ കരുണ്‍ കുറിച്ചത് ഇങ്ങനെ, ' പ്രിയപ്പെട്ട ക്രിക്കറ്റ്, എനിക്ക് ഒരു അവസരം കൂടി തരുമോ'. ഒടുവില്‍ ക്രിക്കറ്റിനോടു 'കെഞ്ചി' തനിക്കു ലഭിച്ച അവസരങ്ങളില്‍ കരുണ്‍ നൂറ് ശതമാനം ഫലം കൊയ്യുന്ന കാഴ്ചയാണ് കാണുന്നത്.
വിജയ് ഹസാരെ ട്രോഫിയില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് 752 ശരാശരിയില്‍ 752 റണ്‍സാണ് കരുണ്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത്. ആറ് മത്സരങ്ങളിലും നോട്ട്ഔട്ട് ആയിരുന്നു. ഇതാണ് അതിശയിപ്പിക്കുന്ന ശരാശരിക്കു കാരണം. അഞ്ച് സെഞ്ചുറികളാണ് താരം സ്വന്തമാക്കിയത്. 112 നോട്ട് ഔട്ട്, 44 നോട്ട് ഔട്ട്, 163 നോട്ട് ഔട്ട്, 111 നോട്ട് ഔട്ട്, 112, 122 നോട്ട് ഔട്ട്, 88 നോട്ട് ഔട്ട് എന്നിവയാണ് കരുണിന്റെ വ്യക്തിഗത സ്‌കോറുകള്‍. ചാംപ്യന്‍സ് ട്രോഫിയില്‍ നിന്ന് ഒഴിവാക്കിയാലും അതിനുശേഷം വരുന്ന പരമ്പരകളില്‍ ഒന്നിലെങ്കിലും സെലക്ടര്‍മാര്‍ക്കു കരുണ്‍ നായരെ ടീമില്‍ ഉള്‍പ്പെടുത്തേണ്ടി വരും.