കളിക്കാമെന്ന് പറഞ്ഞിട്ടും സഞ്ജുവിനെ തഴഞ്ഞു, കെസിഐയുടെ നടപടി പണിയാകും, ബിസിസിഐയ്ക്ക് മുന്നിൽ സഞ്ജു മറുപടി നൽകണം

അഭിറാം മനോഹർ

വെള്ളി, 17 ജനുവരി 2025 (14:08 IST)
ചാമ്പ്യന്‍സ് ട്രോഫി ടീമിലേക്ക് പരിഗണിക്കപ്പെടുന്ന മലയാളിതാരം സഞ്ജു സാംസണിന് കനത്ത തിരിച്ചടി. സഞ്ജു വിജയ് ഹസാരെ ട്രോഫിയില്‍ നിന്നും വിട്ടുനിന്നതില്‍ ബിസിസിഐ അന്വേഷണം പ്രഖ്യാപിച്ചു. ദേശീയ ടീമിലേക്ക് പരിഗണിക്കപ്പെടാന്‍ കളിക്കാര്‍ നിര്‍ബന്ധമായും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് നിഷ്‌കര്‍ഷയുണ്ട്. എന്നാല്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ സഞ്ജു കേരള ടീമിന്റെ ഭാഗമല്ല. ഇതിന് പിന്നാലെയാണ് സഞ്ജുവിന്റെ വിട്ടുനില്‍ക്കലില്‍ ബിസിസിഐ വിശദീകരണം തേടിയിരിക്കുന്നത്.
 
വിജയ് ഹസാരെ ട്രോഫിയില്‍ സഞ്ജു വിട്ടുനിന്നതില്‍ ബിസിസിഐയും സെലക്ടര്‍മാരും അതൃപ്തരാണെന്നാണ് റിപ്പോര്‍ട്ട്. ടൂര്‍ണമെന്റിന് മുന്നോടിയായുള്ള പരിശീലന ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതെന്നാണ് കെസിഎ വ്യക്തമാക്കിയത്. എന്നാല്‍ ഇതിന് ശേഷം കേരളത്തിനായി കളിക്കാന്‍ സഞ്ജു സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ ഈ അപേക്ഷ കെസിഎ നിരസിക്കുകയും ചെയ്തിരുന്നു.
 
 ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാര്‍ നിര്‍ബന്ധമായും കളിച്ചിരിക്കണമെന്ന നിബന്ധന ബിസിസിഐ കൂടുതല്‍ ശക്തമാക്കുന്നതിനിടെയാണ് കെസിഎ സഞ്ജുവിന് പണി നല്‍കിയിരിക്കുന്നത്. സഞ്ജു ടൂര്‍ണമെന്റ് എന്തുകൊണ്ട് നഷ്ടപ്പെടുത്തി എന്നത് ബിസിസിഐ അന്വേഷിക്കും. സാധുവായ ഒരു കാരണം സെലക്ടര്‍മാര്‍ക്ക് മുന്നില്‍ പറയാന്‍ സാധിക്കാത്ത പക്ഷം ഏകദിന ടീമിലേക്ക് സഞ്ജുവിനെ പരിഗണിക്കുന്ന കാര്യം കഷ്ടത്തിലായേക്കും. നിലവില്‍ ഇംഗ്ലണ്ടിനെതിരായ അഞ്ച് ടി20 മത്സരങ്ങളുടെ പരമ്പരയില്‍ സഞ്ജു ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്. എന്നാല്‍ വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ സഞ്ജു ഇടം പിടിക്കുമോ എന്ന് വ്യക്തമല്ല.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍