ഇന്ത്യന്‍ ക്യാംപില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പരിശീലകന്‍ ഗൗതം ഗംഭീര്‍. സമീപകാലത്തെ മോശം പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് മുതിര്‍ന്ന താരങ്ങള്‍ക്ക് അടക്കം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഗംഭീര്‍ നിര്‍ബന്ധിതനായത്. ഗംഭീര്‍ മുന്നോട്ടുവെച്ച നിയന്ത്രണങ്ങള്‍ക്കു ബിസിസിഐ അനുമതി നല്‍കി. വിദേശ പര്യടനങ്ങളില്‍ കുടുംബത്തെ ഒപ്പം കൊണ്ടുപോകുന്നതില്‍ അടക്കം ഇനി താരങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകും.
വിദേശ പര്യടനങ്ങളില്‍ അടക്കം കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന രീതി ഒഴിവാക്കും. പരമ്പരയ്ക്കു മുന്‍പോ മത്സരങ്ങള്‍ക്കിടയിലോ കുടുംബത്തോടൊപ്പം സ്വകാര്യ യാത്രകള്‍ നടത്തുന്നതിനു വിലക്കുണ്ട്. വിദേശ പര്യടനങ്ങളിലും പരിശീലന സെഷനുകളിലും ടീമിനൊപ്പം ആയിരിക്കണം എല്ലാവരും യാത്ര ചെയ്യേണ്ടത്. കുടുംബത്തെ ഒപ്പം കൂട്ടണമെങ്കില്‍ പരമ്പരയ്ക്കു മുന്‍പ് മുഖ്യ പരിശീലകന്‍, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എന്നിവരില്‍ നിന്ന് അനുമതി വാങ്ങിക്കണം.