രാജാവിന് ഇഷ്ടമല്ലെങ്കിൽ ആരെയും ടീമിൽ നിന്ന് പുറത്താക്കും, റായുഡു പുറത്തായത് ഒരൊറ്റ കാരണം കൊണ്ട്: ഉത്തപ്പ

അഭിറാം മനോഹർ

ബുധന്‍, 15 ജനുവരി 2025 (17:31 IST)
മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയ്ക്ക് ഇഷ്ടമല്ലെന്ന ഒരൊറ്റ കാരണം കൊണ്ടാണ് 2019ലെ ഏകദിന ലോകകപ്പ് ടീമില്‍ നിന്നും അമ്പാട്ടി റായുഡുവിനെ പുറത്താക്കിയതെന്ന ആരോപണവുമായി മുന്‍ ഇന്ത്യന്‍ താരമായ റോബിന്‍ ഉത്തപ്പ. അപ്രതീക്ഷിതമായി ഓള്‍ റൗണ്ടര്‍ വിജയ് ശങ്കറായിരുന്നു 2019ലെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഭാഗമായത്.
 
തന്നെ ടീമില്‍ നിന്നും പുറത്താക്കിയതിനെതിരെ റായുഡു അന്ന് തന്നെ സെലക്ഷന്‍ കമ്മിറ്റിക്കെതിരെ ആഞ്ഞടിച്ചിരുന്നു. അന്ന് സെലക്ഷന്‍ കമ്മിറ്റി തലവനായിരുന്ന എംഎസ്‌കെ പ്രസാദ് ഇടപ്പെട്ടാണ് തന്നെ മാറ്റിയതെന്നായിരുന്നു റായുഡുവിന്റെ വിമര്‍ശനം. എന്നാല്‍ അന്നത്തെ തീരുമാനത്തിന് പിന്നില്‍ കോലിയായിരുന്നുവെന്നാണ് ഉത്തപ്പയുടെ വെളിപ്പെടുത്തല്‍. കോലി ആരെയെങ്കിലും ഇഷ്ടപ്പെട്ടില്ലെങ്കില്‍ നല്ലതെന്ന് തോന്നിയില്ലെങ്കില്‍ അപ്പോള്‍ തന്നെ ടീമില്‍ നിന്നും പുറത്താക്കും. അമ്പാട്ടി റായുഡുവാണ് അതിനുള്ള ഏറ്റവും വലിയ ഉദാഹരണം. റോബിന്‍ ഉത്തപ്പ പറഞ്ഞു.
 
 നേരത്തെ കാന്‍സര്‍ ചികിത്സയില്‍ നിന്നും തിരിച്ചെത്തിയ യുവരാജ് സിംഗിനെ പുറത്താക്കുന്നതില്‍ കോലിയുടെ നിലപാടുകള്‍ കാരണമായതായി റോബിന്‍ ഉത്തപ്പ വെളിപ്പെടുത്തിയിരുന്നു.ഫിറ്റ്‌നസ് ചൂണ്ടിക്കാണിച്ചാണ് കോലി അന്നത് ചെയ്തതെന്നായിരുന്നു ഉത്തപ്പയുടെ ആരോപണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍