ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ ആദ്യമായി 6,000 റണ്‍സ് നേടുന്ന ബാറ്ററായി ഇംഗ്ലണ്ട് താരം ജോ റൂട്ട്. തന്റെ 69മത്തെ ടെസ്റ്റിലാണ് ജോ റൂട്ടിന്റെ നേട്ടം. ഓവല്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്ങ്‌സില്‍ ഇന്ത്യക്കെതിരെ സെഞ്ചുറി നേടിയതോടെയാണ് റൂട്ട് ഈ നേട്ടം സ്വന്തമാക്കിയത്. 152 പന്തില്‍ നിന്നും 12 ബൗണ്ടറികള്‍ സഹിതം 105 റണ്‍സാണ് താരം സ്വന്തമാക്കിയത്. റൂട്ടിന്റെ കരിയറിലെ 39മത്തെ ടെസ്റ്റ് സെഞ്ചുറിയാണിത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മാത്രം ഇതുവരെ 20 സെഞ്ചുറികളും 23 അര്‍ധസെഞ്ചുറികളും റൂട്ട് നേടിയിട്ടുണ്ട്. 4,278 റണ്‍സുമായി ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, 4,225 റണ്‍സുമായി മാര്‍നസ് ലബുഷെയ്ന്‍, ബെന്‍ സ്റ്റോക്‌സ് (3,616), ട്രാവിസ് ഹെഡ്(3,300) എന്നിവരാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ റൂട്ടിന് പിന്നിലുള്ളത്. ഇതിനൊപ്പം ഹോം മാച്ചുകളില്‍ ഒരു എതിരാളിക്കെതിരെ ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ ചെയ്യുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും റൂട്ട് സ്വന്തമാക്കി. 16 തവണയാണ് റൂട്ട് ഇന്ത്യക്കെതിരെ 50ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുള്ളത്. ഇതോടൊപ്പം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ നാലാമതെത്താനും റൂട്ടിന് സാധിച്ചു. 38 സെഞ്ചുറികള്‍ നേടിയിട്ടുള്ള ശ്രീലങ്കന്‍ മുന്‍ താരം സംഗക്കാരയെയാണ് റൂട്ട് പിന്നിലാക്കിയത്. 51 സെഞ്ചുറികളുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് പട്ടികയില്‍ ഒന്നാമതുള്ളത്.