'നിങ്ങളുടെ രാഷ്ട്രീയം പുറത്തുവയ്ക്കൂ'; ഏഷ്യ കപ്പ് കിരീടം ഏറ്റുവാങ്ങാത്തതില്‍ ഇന്ത്യയെ വിമര്‍ശിച്ച് ഡി വില്ലിയേഴ്‌സ്

രേണുക വേണു

വ്യാഴം, 2 ഒക്‌ടോബര്‍ 2025 (09:42 IST)
AB De Villiers

ഏഷ്യ കപ്പ് ഫൈനലില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ച ശേഷം കിരീടം ഏറ്റുവാങ്ങാതിരുന്ന ടീം ഇന്ത്യയെ വിമര്‍ശിച്ച് ദക്ഷിണാഫ്രിക്കയുടെ മുന്‍താരം എബി ഡി വില്ലിയേഴ്‌സ്. സ്‌പോര്‍ട്‌സില്‍ നിന്ന് രാഷ്ട്രീയത്തെ അകറ്റി നിര്‍ത്തണമെന്ന് ഡി വില്ലിയേഴ്‌സ് പറഞ്ഞു. തന്റെ യുട്യൂബ് ചാനലിലൂടെയാണ് ഡിവില്ലിയേഴ്‌സിന്റെ പ്രതികരണം. 
 
' കപ്പ് നല്‍കുന്ന ആളില്‍ ഇന്ത്യക്ക് അതൃപ്തി ഉണ്ടായിരുന്നെന്നത് ശരിയാണ്. എന്നാല്‍ സ്‌പോര്‍ട്‌സില്‍ ഇത്തരം രീതികള്‍ അനുവദിക്കരുത്. രാഷ്ട്രീയത്തെ സ്‌പോര്‍ട്‌സില്‍ നിന്ന് അകറ്റി നിര്‍ത്തണം. സ്‌പോര്‍ട്‌സും രാഷ്ട്രീയവും വേറെയാണ്. അത്തരത്തില്‍ വ്യത്യസ്തമായാണ് കായിക ഇനങ്ങള്‍ ആഘോഷിക്കപ്പെടേണ്ടത്. ഇത്തരം കാഴ്ചകള്‍ വേദനാജനകമാണ്. ഭാവിയില്‍ ഈ പ്രശ്‌നങ്ങള്‍ ഇരു കൂട്ടരും രമ്യമായി പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കായിക താരങ്ങളെയും മനോവിഷമത്തിലാക്കുന്ന കാര്യമാണ് ഇതെല്ലാം. അതാണ് ഞാന്‍ ഇതിനോടു വിയോജിക്കുന്നത്. ഏഷ്യ കപ്പ് ഫൈനല്‍ മത്സരത്തിനു ശേഷം വളരെ മോശം അവസ്ഥയായിരുന്നു അവിടെ,' ഡി വില്ലിയേഴ്‌സ് പറഞ്ഞു. 
 
ഏഷ്യ കപ്പ് ഫൈനലില്‍ ഇന്ത്യ ജയിച്ചെങ്കിലും ജേതാക്കള്‍ക്കുള്ള കിരീടം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മൊഹ്സിന്‍ നഖ്വി നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് ഇന്ത്യ കിരീടം വാങ്ങാന്‍ തയ്യാറാകാതിരുന്നത്. പാക്കിസ്ഥാന്റെ ആഭ്യന്തര മന്ത്രി കൂടിയായ നഖ്വിയില്‍ നിന്ന് കിരീടം സ്വീകരിക്കില്ലെന്ന് ഇന്ത്യ നിലപാടെടുത്തിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍