ഗംഭീർ കാത്തിരിക്കണം, സിംബാബ്‌വെ പര്യടനത്തിൽ പരിശീലകനായി ലക്ഷ്മൺ, ടീം പ്രഖ്യാപനം ഉടൻ

അഭിറാം മനോഹർ

വെള്ളി, 21 ജൂണ്‍ 2024 (18:35 IST)
ടി20 ലോകകപ്പിന് ശേഷം പുതിയ ഇന്ത്യന്‍ പരിശീലകന്‍ സ്ഥാനമേല്‍ക്കാന്‍ വൈകുമെന്ന് സൂചന. നേരത്തെ ലോകകപ്പിന് തൊട്ടുപിന്നാലെ നടക്കുന്ന സിംബാബ്വെയ്‌ക്കെതിരായ ടി20 പരമ്പരയ്ക്ക് മുന്‍പെ പുതിയ കോച്ച് ആരാകുമെന്ന പ്രഖ്യാപനമുണ്ടാകുമെന്നും അധികപക്ഷം ഗൗതം ഗംഭീര്‍ തന്നെയാകും ടീം പരിശീലകനാവുക എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
 
 ഇപ്പോഴിതാ സിംബാബ്വെ പര്യടനത്തിനായി നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനായ വിവിഎസ് ലക്ഷ്മണാകും ഇന്ത്യന്‍ സംഘത്തെ പരിശീലിപ്പിക്കുക എന്നതാണ് വ്യക്തമായിരിക്കുന്നത്. കഴിഞ്ഞ ഐപിഎല്ലില്‍ തിളങ്ങിയ യുവതാരങ്ങളും ബിസിസിഐയുടെ സാധ്യത പട്ടികയിലുള്ള ചില താരങ്ങളും നിലവില്‍ ലക്ഷ്മണിന്റെ മേല്‍നോട്ടത്തില്‍ എന്‍സിഎയില്‍ പരിശീലനത്തിലാണ്. റിയാന്‍ പരാഗ്,അഭിഷേക് ശര്‍മ,ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡീ എന്നീ താരങ്ങള്‍ക്കൊപ്പം ലോകകപ്പ് ടീമിലുള്ള ചില താരങ്ങളും ഈ ടീമിലുണ്ടാകും. വിശ്രമം ആവശ്യപ്പെട്ടില്ലെങ്കില്‍ ഹാര്‍ദ്ദിക് ആയിരിക്കും ടീം നായകനാവുക. ഒന്നാം വിക്കറ്റ് കീപ്പര്‍ ഓപഷനായി സഞ്ജു സാംസണെയും പരിഗണിച്ചേക്കും. ഈ മാസം 22നോ 23നോ ആകും ടീം പ്രഖ്യാപനമെന്നാണ് വിവരം.
 
 ഇത്തവണത്തെ ടി20 ലോകകപ്പോടെ സ്ഥാനമൊഴിയുന്ന പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് പകരം സ്ഥാനമേല്‍ക്കുന്നത് ആരായാലും ശ്രീലങ്കന്‍ പര്യടനത്തോടെയാകും ചുമതല ഏറ്റെടുക്കുക. ജൂലൈ അവസാനമാണ് ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍