T20 Worldcup Topscorers:പൂറാൻ തലപ്പത്ത്, ടോപ് സ്കോറർമാരുടെ ആദ്യ പത്തിൽ 3 ഓസീസ് താരങ്ങൾ, അഫ്ഗാനിസ്ഥാനിൽ നിന്നും രണ്ടുപേർ, ഒറ്റ ഇന്ത്യക്കാരനില്ല

അഭിറാം മനോഹർ

വെള്ളി, 21 ജൂണ്‍ 2024 (19:50 IST)
Worldcup
ടി20 ലോകകപ്പിലെ സൂപ്പര്‍ 8 മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ടോപ് ടെന്‍ താരങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കാനാകാതെ ഇന്ത്യന്‍ ബാറ്റര്‍മാര്‍. ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, മാര്‍ക്കസ് സ്റ്റോയ്‌നിസ് എന്നിങ്ങനെ 3 ഓസീസ് താരങ്ങളാണ് ആദ്യ പത്തിലുള്ളത്. അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കയില്‍ നിന്നും 2 താരങ്ങള്‍ പട്ടികയില്‍ ഇടം പിടിച്ചു. വെസ്റ്റിന്‍ഡീസ് ബാറ്ററായ നിക്കോളാസ് പൂറാനാണ് 5 മത്സരങ്ങളില്‍ നിന്നും 200 റണ്‍സുമായി ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍.
 
 4 മത്സരങ്ങളില്‍ നിന്നും 69 റണ്‍സ് ശരാശരിയില്‍ 182 റണ്‍സ് നേടിയ അമേരിക്കയുടെ ആന്‍ഡ്രിയസ് ഗോസാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. 5 കളികളില്‍ 179 റണ്‍സുമായി ഓസീസ് ഓപ്പണര്‍ ട്രാവിസ് ഹെഡും 178 റണ്‍സുമായി അഫ്ഗാന്‍ ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസും പട്ടികയില്‍ മൂന്നും നാലും സ്ഥാനങ്ങളിലാണ്. 5 കളികളില്‍ നിന്നും 2 അര്‍ധസെഞ്ചുറികളോടെ 169 റണ്‍സുമായി ഓസീസ് ഓപ്പണറായ ഡേവിഡ് വാര്‍ണറാണ് ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്ത്. മറ്റൊരു ഓസീസ് താരമായ മാര്‍ക്കസ് സ്റ്റോയിനിസ് ലിസ്റ്റില്‍ ഏഴാമതാണ്. 156 റണ്‍സാണ് താരം ഇതുവരെ നേടിയത്.
 
 5 മത്സരങ്ങളില്‍ നിന്നും 160 റണ്‍സുമായി അഫ്ഗാന്‍ താരമായ ഇബ്രാഹിം സദ്രാനാണ് ലിസ്റ്റില്‍ ആാറാമത്. ഇംഗ്ലണ്ട് ഓപ്പണറായ ഫില്‍ സാള്‍ട്ട് 147 റണ്‍സുമായി എട്ടാം സ്ഥാനത്താണ്. 141 റണ്‍സുമായി അമേരിക്കയുടെ ആരോണ്‍ ജെയിംസും 140 റണ്‍സുമായി സ്‌കോട്ട്ലന്‍ഡിന്റെ ബ്രണ്ടന്‍ മക്കുള്ളനുമാണ് ഒമ്പതും പത്തും സ്ഥാനങ്ങളിലുള്ളത്. 116 റണ്‍സുകള്‍ നേടിയ റിഷഭ് പന്താണ് ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം. നിലവില്‍ ടോപ് സ്‌കോറര്‍മാരുടെ പട്ടികയില്‍ പതിനേഴാം സ്ഥാനത്താണ് റിഷഭ് പന്തുള്ളത്. 112 റണ്‍സുമായി സൂര്യകുമാര്‍ യാദവ് പതിനെട്ടാം സ്ഥാനത്താണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍