Trent Boult: ഇനിയൊരു ടൂർണമെൻ്റിനില്ല, വിരമിക്കൽ സൂചന നൽകി ട്രെൻഡ് ബോൾട്ട്

അഭിറാം മനോഹർ

ഞായര്‍, 16 ജൂണ്‍ 2024 (11:06 IST)
Trent Boult
ടി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായതിന് പിന്നാലെ ന്യൂസിലന്‍ഡ് ക്രിക്കറ്റിന് കനത്ത തിരിച്ചടിയായി സൂപ്പര്‍ പേസര്‍ ട്രെന്‍ഡ് ബോള്‍ട്ടിന്റെ വാക്കുകള്‍. ഇനിയൊരു ടൂര്‍ണമെന്റിനായി താന്‍ ന്യൂസിലന്‍ഡ് ടീമിനൊപ്പം ഉണ്ടാകില്ലെന്നാണ് ബോള്‍ട്ട് വ്യക്തമാക്കിയത്. 2011 മുതല്‍ ന്യൂസിലന്‍ഡ് ടീമിന്റെ നിര്‍ണായക സാന്നിധ്യമാണ് ട്രെന്‍ഡ് ബോള്‍ട്ട്. ടി20 ലോകകപ്പില്‍ ഉഗാണ്ടയ്‌ക്കെതിരായ മത്സരത്തിന് പിന്നാലെയാണ് സൂപ്പര്‍ താരത്തിന്റെ പ്രതികരണം.
 
ഈ ടി20 ലോകകപ്പ് എന്റെ അവസാനത്തെ വലിയ ടൂര്‍ണമെന്റാകുമെന്ന് കരുതുന്നു. ടി20 ലോകകപ്പില്‍ ഇത്തരമൊരു പ്രകടനമല്ല ആഗ്രഹിച്ചത്. മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല. എങ്കിലും രാജ്യത്തിനെ പ്രതിനിധീകരിക്കാന്‍ ലഭിച്ച ഏതൊരു അവസരവും വലുതാണ്. ട്രെന്‍ഡ് ബോള്‍ട്ട് പറഞ്ഞു. ന്യൂസിലന്‍ഡിനായി 78 ടെസ്റ്റുകളും 114 ഏകദിനങ്ങളും 60 ടി20 മത്സരങ്ങളും ബോള്‍ട്ട് കളിച്ചിട്ടുണ്ട്. ടി20 ലോകകപ്പില്‍ പിറത്തായതിനാല്‍ ഐസിസി ടൂര്‍ണമെന്റുകളിലെ ബോള്‍ട്ടിന്റെ അവസാന മത്സരമാകും അത്. 34 കാരനായ താരം എത്രകാലം ന്യൂസിലന്‍ഡ് ടീമിനൊപ്പം തുടരുമെന്ന് ഇനി കാത്തിരുന്ന് കാണേണ്ടതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍