ബ്രസീലിനെ ടോപ് ടീമാക്കും,വലം കൈയായി കക്കയെ വേണം, ലോകകപ്പ് ലക്ഷ്യമിട്ട് ആഞ്ചലോട്ടി

അഭിറാം മനോഹർ

വ്യാഴം, 15 മെയ് 2025 (19:02 IST)
ബ്രസീല്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ മുഖ്യപരിശീലകനായതിന് പിന്നാലെ ബ്രസീല്‍ ടീമിനെ ഉടച്ചുവാര്‍ക്കാനൊരുങ്ങി വിഖ്യാത പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി. എ സി മിലാനില്‍ തന്റെ പ്രിയതാരമായിരുന്ന ബ്രസീലിന്റെ ഇതിഹാസം റിക്കാര്‍ഡോ കക്കയെ സഹ പരിശീലകനായി എത്തിക്കാനാണ് ആഞ്ചലോട്ടി നിലവില്‍ ശ്രമിക്കുന്നത്. അറ്റാക്കിംഗ് മിഡ് ഫീല്‍ഡറായ കക്കയുടെ കരിയറിലെ പ്രധാനഘട്ടം മിലാനില്‍ ആഞ്ചലോട്ടിക്ക് ഒപ്പമായിരുന്നു.
 
ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ മികച്ച പരിശീലകരുടെ പട്ടികയില്‍ സ്ഥാനമുള്ള ആഞ്ചലോട്ടി പുതിയ ടീമിനെ വാര്‍ത്തെടുക്കുന്നതില്‍ അഗ്രഗണ്യനാണ്. ക്ലബ് ഫുട്‌ബോളില്‍ മികച്ച പ്രകടനങ്ങള്‍ നടത്തുന്ന താരങ്ങളുണ്ടെങ്കിലും ദേശീയ ടീമിനായി ഒന്നിച്ച് കളിക്കുമ്പോള്‍ ഒരു ടീമെന്ന നിലയില്‍ തിളങ്ങാന്‍ ബ്രസീലിന് സാധിക്കുന്നില്ല. ഇത് മാറ്റിയെടുക്കാനാണ് ആഞ്ചലോട്ടിയെ വലിയ തുകയ്ക്ക് ബ്രസീല്‍ സ്വന്തമാക്കിയിരിക്കുന്നത്.
 
 റയല്‍ മാഡ്രിഡില്‍ കളിക്കുന്ന വിനീഷ്യസ് ജൂനിയര്‍,റോഡ്രിഗോ, എന്റിക് തുടങ്ങിയ താരങ്ങളുമായി മികച്ച ബന്ധമാണ് ആഞ്ചലോട്ടിക്കുള്ളത്. ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിനെ കേന്ദ്രീകരിച്ച് ടീമിനെ കെട്ടിപ്പടുക്കാനാകും ആഞ്ചലോട്ടിയുടെ ശ്രമം. റയല്‍ മാഡ്രിഡിലെ പ്രതിരോധതാരമായിരുന്ന കസെമീറോയെ ടീമില്‍ തിരിച്ചെത്തിക്കാനും ആഞ്ചലോട്ടി ശ്രമിച്ചേക്കും. റയല്‍ ബെറ്റിസിനായി വമ്പന്‍ പ്രകടനങ്ങള്‍ നടത്തുന്ന ആന്റണി പിഎസ്ജിയുടെ മാര്‍കീന്യോസ് എന്നിവരും ആഞ്ചലോട്ടിക്ക് തകര്‍ക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍