Carlo Ancelotti : ബ്രസിൽ ദേശീയ ടീമിനെ പരിശീലിപ്പിക്കാൻ ആദ്യമായി വിദേശകോച്ച്, ആഞ്ചലോട്ടിയുടെ ലോകകപ്പ് പ്ലാനിൽ നെയ്മറിന് പ്രധാന റോൾ?

അഭിറാം മനോഹർ

ചൊവ്വ, 13 മെയ് 2025 (08:49 IST)
ബ്രസീല്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകനായി ഇതിഹാസ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടിയെ നിയമിച്ചു. സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് വിട്ടാണ് ആഞ്ചലോട്ടി ബ്രസീല്‍ ദേശീയ ടീമിനൊപ്പം ചേരുന്നത്. ലാലിഗ അവസാനിച്ചതിന് ശേഷം ഈ മാസം 26നാകും 65കാരനായ ഇറ്റാലിയന്‍ പരിശീലകന്‍ ഔദ്യോഗികമായി ബ്രസീല്‍ ദേശീയ ടീമിന്റെ ചുമതല ഏറ്റെടുക്കുക. ബ്രസീല്‍ ദേശീയ ടീമിന്റെ പരിശീലകനാകുന്ന ആദ്യ വിദേശിയാണ് ആഞ്ചലോട്ടി.
 
 ലോകത്തിലെ ഏറ്റവും മികച്ച ദേശീയ ടീമിന്റെ പരിശീലകനായി ലോകത്തെ ഏറ്റവും മികച്ച കോച്ച് എത്തുന്നുവെന്നാണ് ആഞ്ചലോട്ടിയുടെ വരവിനെ പറ്റി ബ്രസീല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് എഡ്‌നാള്‍ഡോ റോഡ്രിഗസ് പ്രതികരിച്ചത്. അതേസമയം കാര്‍ലോ ആഞ്ചലോട്ടിയുടെ ലോകകപ്പ് പ്ലാനുകളില്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിന് പ്രധാന റോള്‍ ഉണ്ടാകുമെന്നാണ് സൂചന. നിലവില്‍ ബ്രസീലിയന്‍ ക്ലബ് സാന്റോസില്‍ കളിക്കുന്ന നെയ്മറിന് തുടര്‍ച്ചയായുണ്ടാകുന്ന പരിക്കുകളാണ് തലവേദന സൃഷ്ടിക്കുന്നത്. റയല്‍ മാഡ്രിഡില്‍ കളിക്കുന്ന ബ്രസീലിയന്‍ താരങ്ങളായ വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ, എന്റിക് എന്നിവരുമായുള്ള അടുപ്പവും കാര്‍ലോയ്ക്ക് സഹായകമാകും. മെയ് 26ന് ഇക്വഡോറിനെതിരെയാണ് ബ്രസീലിന്റെ അടുത്ത മത്സരം. 
 
അതേസമയം ആഞ്ചലോട്ടിക്ക് പകരം ബയര്‍ ലെവര്‍കൂസന്‍ പരിശീലകനും മുന്‍ റയല്‍ മാഡ്രിഡ് താരവുമായിരുന്ന സാബി അലോന്‍സോയാകും റയല്‍ പരിശീലകനാകുക. ക്ലബ് ലോകകപ്പിലാകും റയല്‍ കോച്ചായി സാബി അലോന്‍സോ എത്തുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍