Barcelona vs Real Madrid: ലാലിഗയിൽ ഇന്ന് എൽ- ക്ലാസിക്കോ പോരട്ടം, ബാഴ്സലോണ- റയൽ മാഡ്രിഡ് മത്സരം ഇന്ത്യൻ സമയം രാത്രി 7:45ന്

അഭിറാം മനോഹർ

ഞായര്‍, 11 മെയ് 2025 (12:38 IST)
ലാലിഗയിലെ നിര്‍ണായക പോരാട്ടത്തില്‍ ഇന്ന് സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും തമ്മില്‍ ഏറ്റുമുട്ടും. ടൂര്‍ണമെന്റിലെ ആദ്യ 2 സ്ഥാനക്കാര്‍ തമ്മിലുള്ള ഈ പോരാട്ടമാകും ലാലിഗ കിരീടം ആര് നേടുമെന്ന് തീരുമാനിക്കുക. ഇന്ത്യന്‍ സമയം വൈകീട്ട് 7:45നാണ് മത്സരം നടക്കുക.
 
ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ഇന്റര്‍ മിലാനോടേറ്റ തോല്‍വിയുടെ ആഘതത്തിന് ശേഷമാണ് ബാഴ്‌സലോണ സ്വന്തം തട്ടകത്തില്‍ കളിക്കാനിറങ്ങുന്നത്. സീസണിലെ മൂന്ന് എല്‍ ക്ലാസിക്കോ പോരാട്ടങ്ങളിലും റയല്‍ മാഡ്രിഡിനെ തകര്‍ക്കാനായതാണ് ഹാന്‍സി ഫ്‌ലിക്കിനും സംഘത്തിനും ആത്മവിശ്വാസം നല്‍കുന്നത്. രണ്ടാഴ്ച മുന്‍പ് നടന്ന കോപ്പ ഡെല്‍ റെ ഫൈനലില്‍ 3-2 എന്ന സ്‌കോറിനാണ് ബാഴ്‌സ വിജയിച്ചത്. സൂപ്പര്‍ കപ്പിലും ബാഴ്‌സയ്ക്ക് മുന്നില്‍ റയല്‍ പരാജയപ്പെട്ടിരുന്നു.
 
 പോയന്റ് പട്ടികയില്‍ മുന്നിലുള്ള ബാഴ്‌സലോണയ്ക്ക് 34 കളികളില്‍ നിന്നും 79 പോയന്റും റയല്‍ മാഡ്രിഡിന് അത്രയും മത്സരങ്ങളില്‍ നിന്നും 75 പോയന്റുമാണുള്ളത്. നാല് മത്സരങ്ങലാണ് ഇരു ടീമുകള്‍ക്കും അവശേഷിക്കുന്നത്. ഇന്ന് നടക്കുന്ന മത്സരത്തില്‍ റയലിനെ പരാജയപ്പെടുത്തിയാല്‍ ബാഴ്‌സലോണയ്ക്ക് കിരീടം ഏറെക്കുറെ ഉറപ്പിക്കാനാകും. മുന്നേറ്റ നിരയില്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി തിരിച്ചെത്തിയതും മാര്‍ക്ക് കസോഡോ, ബാല്‍ഡെ എന്നിവര്‍ തിരിച്ചെത്തിയതും ബാഴ്‌സയ്ക്ക് ആശ്വാസം നല്‍കുന്നു.
 
 അതേസമയം റയല്‍ പരിശീലകനെന്ന നിലയില്‍ കാര്‍ലോ ആഞ്ചലോട്ടിയുടെ അവസാന എല്‍ ക്ലാസിക്കോ മത്സരമാണ് ഇന്ന് നടക്കുന്നത്. അതിനാല്‍ തന്നെ എല്‍ ക്ലാസിക്കോയും വിജയിച്ച് ലാ ലിഗയില്‍ മുന്നേറി കിരീടം സ്വന്തമാക്കാനാകും റയല്‍ ആഗ്രഹിക്കുന്നത്. റയല്‍ പരിശീലക സ്ഥാനം ഒഴിയുന്ന ആഞ്ചലോട്ടി അടുത്ത സീസണില്‍ ബ്രസീല്‍ ദേശീയ ടീമിന്റെ പരിശീലകനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍