PSG vs Arsenal: ആഴ്‌സണല്‍ സ്വപ്നങ്ങള്‍ തവിടുപൊടി, ഇത് ലുച്ചോയുടെ പിഎസ്ജി: ഫൈനലില്‍ ഇന്ററിനെ നേരിടും

അഭിറാം മനോഹർ

വ്യാഴം, 8 മെയ് 2025 (15:50 IST)
PSG vs Arsenal, UCL Semifinal
ചാമ്പ്യന്‍സ് ലീഗിലെ രണ്ടാം പാദ സെമി പോരാട്ടത്തില്‍ ആഴ്‌സണലിനെ ഒന്നിനെതിരെ 2 ഗോളുകള്‍ക്ക് തകര്‍ത്ത് പിഎസ്ജി. ആദ്യ പാദത്തില്‍ നേടിയ ഒരു ഗോളിന്റെ വിജയത്തോടെ 3-1 എന്ന അഗ്രഗേറ്റ് സ്‌കോറിലാണ് പിഎസ്ജി ഫൈനലിലേക്ക് പ്രവേശിച്ചത്.കളിയുടെ 27മത്തെ മിനിറ്റില്‍ ഫാബിയല്‍ റൂയിസിലൂടെ നേടിയ ഗോളോടെ പിഎസ്ജി മുന്നിലെത്തി. ഫ്രീകിക്ക് പ്രതിരോധക്കാര്‍ ക്ലിയര്‍ ചെയ്തപ്പോള്‍ ലഭിച്ച പന്ത് ഇടങ്കാല്‍ ഷോട്ടിലൂടെയാണ് റൂയിസ് ഗോളാക്കി മാറ്റിയത്.
 
 മത്സരത്തിലുടനീളം ഗോള്‍ അവസരങ്ങള്‍ ലഭിച്ചെങ്കിലും അത് മുതലെടുക്കാന്‍ ആഴ്‌സണലിന് സാധിച്ചില്ല. ഡെക്ലാന്‍ റൈസിനും മാര്‍ട്ടിനെല്ലിക്കും മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ പിഎസ്ജിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ അവസരങ്ങളുണ്ടായിരുന്നു. മത്സരത്തിന്റെ 72മത്തെ മിനിറ്റില്‍ അഷറഫ് ഹക്കീമിയിലൂടെ പിഎസ്ജി ലീഡ് ഉയര്‍ത്തി. 76മത്തെ മിനിറ്റില്‍ ബുക്കായോ സാക്ക ഗോള്‍ നേടി ആഴ്‌സണലിന് പ്രതീക്ഷ നല്‍കിയെങ്കിലും 4 മിനിറ്റുകള്‍ക്ക് ശേഷം ലഭിച്ച സുവര്‍ണ്ണാവസരം സാക്ക പാഴാക്കി.
 
 അവസാന നിമിഷങ്ങളില്‍ ആഴ്‌സണല്‍ ആക്രമണം ശക്തമാക്കിയെങ്കിലും പിഎസ്ജി നല്ല രീതിയില്‍ പ്രതിരോധിച്ചു. ഗോള്‍വലയ്ക്ക് മുന്നിലുള്ള ഡോണരുമ്മയുടെ മികച്ച പ്രകടനവും പിഎസ്ജിയെ സഹായിച്ചു. ലൂയിസ് എന്റിക്വയുടെ കീഴില്‍ തങ്ങളുടെ 100 ശതമാനവും നല്‍കുന്ന രീതിയിലാണ് പിഎസ്ജി താരങ്ങള്‍ കളിക്കുന്നത്. പിഎസ്ജിയുടെ രണ്ടാമത്തെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പ്രവേശനമാണിത്. ബാഴ്‌സലോണയെ തകര്‍ത്ത ഇന്റര്‍മിലാനാണ് ഫൈനലില്‍ പിഎസ്ജിയുടെ എതിരാളികള്‍.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍