PSG vs Arsenal: ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇന്ററിന്റെ എതിരാളി ആര്?. ഇന്ന് പോരാട്ടം പിഎസ്ജിയും ആഴ്‌സണലും തമ്മില്‍

അഭിറാം മനോഹർ

ബുധന്‍, 7 മെയ് 2025 (14:57 IST)
PSG vs Arsenal
ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്റര്‍മിലാന്റെ എതിരാളികള്‍ ആരാണെന്ന് ഇന്നറിയാം. രണ്ടാം പാദ സെമിഫൈനല്‍ മത്സരത്തില്‍ പിഎസ്ജി ആഴ്‌സണലിനെയാണ് നേരിടുക. ആദ്യ പാദ സെമിയില്‍ ആഴ്‌സണലിന്റെ ഹോം ഗ്രൗണ്ടില്‍ ഒരു ഗോളിന്റെ ബലത്തില്‍ പിഎസ്ജി വിജയിച്ചിരുന്നു. ഒസ്മാന്‍ ഡെംബലെയായിരുന്നു പിഎസ്ജിക്ക് നിര്‍ണായകമായ വിജയഗോള്‍ നേടിയത്.
 
 ഇന്ന് ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ സമനില നേടിയാലും പിഎസ്ജിക്ക് ഫൈനല്‍ ഉറപ്പിക്കാനാകും. അതേസമയം ക്വാര്‍ട്ടറില്‍ റയലിനെ രണ്ട് പാദങ്ങളിലും തകര്‍ത്ത ആഴ്‌സണല്‍ 2009ന് ശേഷം ആദ്യമായാണ് ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ കളിക്കുന്നത്. പ്രധാനതാരങ്ങളുടെ പരിക്കും മുന്നേറ്റ താരം ബുക്കായ സാക്കയുടെ മങ്ങിയ ഫോമുമാണ്  ആഴ്ചണലിന് തിരിച്ചടി. എന്നാല്‍ ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടം ലക്ഷ്യമിടുന്ന ആര്‍ട്ടേറ്റയുടെ പിള്ളേര് തങ്ങളുടെ 100 ശതമാനവും മൈതാനത്ത് നല്‍കുമെന്ന് ഉറപ്പാണ്.
 
 ലയണല്‍ മെസ്സി, നെയ്മര്‍, കിലിയന്‍ എംബാപ്പെ എന്നിങ്ങനെ വമ്പന്‍ താരങ്ങളെ കൈവിട്ട ശേഷം യുവതാരങ്ങളുമായി സ്പാനിഷ് കോച്ച് ലൂയിസ് എന്റികെയ്ക്ക് കീഴില്‍ അപകടകാരികളായ സംഘമായി മാറാന്‍ പിഎസ്ജിക്ക് സാധിച്ചിരുന്നു. സീസണില്‍ 33 ഗോളുകളുമായി മികച്ച ഫോമിലുള്ള ഒസ്മാന്‍ ഡെംബലെയിലാണ് പിഎസ്ജിയുടെ പ്രതീക്ഷ. വിജയിക്കാനായാല്‍ ഇന്റര്‍ മിലാനെയാകും ഫൈനലില്‍ പിഎസ്ജിക്ക് നേരിടേണ്ടി വരിക. സെമിഫൈനലിന്റെ രണ്ട് പാദങ്ങളിലുമായി ബാഴ്‌സയെ 7-6ന് തകര്‍ത്താണ് ഇന്റര്‍ മിലാന്‍ ഫൈനല്‍ യോഗ്യത നേടിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍