Barcelona vs Real Madrid: 2022ലെ ലോകകപ്പ് ഫൈനലിന് സമാനം, ലാലിഗയിലും എംബാപ്പെയുടെ ഹാട്രിക് പാഴായി, ബാഴ്‌സയോട് തോറ്റ് റയല്‍, ലീഗ് ഉറപ്പിച്ച് ബാഴ്‌സ
ഇന്നലെ ലാലിഗയിലെ നിര്‍ണായകമായ മത്സരത്തില്‍ ബാഴ്‌സയുമായുള്ള പോയന്റ് വ്യത്യാസം കുറയ്ക്കാന്‍ റയല്‍ മാഡ്രിഡിന് അവസരമുണ്ടായിരുന്നു. മത്സരം തുടങ്ങി 15 മിനിറ്റിനിടെ 2 ഗോളുകളാണ് റയല്‍ മാഡ്രിഡ് ബാഴ്‌സലോണയ്‌ക്കെതിരെ തൊടുത്തുവിട്ടത്. എന്നാല്‍ സീസണില്‍ തിരിച്ചുവരവിന് പേരുകേട്ട ബാഴ്‌സ ആദ്യ പകുതി അവസാനിക്കുമ്പോള്‍ 2 ഗോളുകളുടെ ലീഡ് മത്സരത്തില്‍ സ്വന്തമാക്കി.രണ്ടാം പകുതിയില്‍ ഗോള്‍ നേടി എംബാപ്പെ ഹാട്രിക് തികച്ചെങ്കിലും ബാഴ്‌സലോണയെ മറികടക്കാന്‍ സാധിച്ചില്ല. വിജയത്തോടെ റയലുമായുള്ള പോയന്റ് വ്യത്യാസം 7 പോയന്റാക്കി ഉയര്‍ത്താന്‍ ബാഴ്‌സലോണയ്ക്കായി. 3 മത്സരങ്ങള്‍ മാത്രം ശേഷിക്കെ ബാഴ്‌സ കിരീടത്തിന് ഏറെ അടുത്താണ്.
മത്സരത്തിന്റെ 5,14 മിനിറ്റുകളിലായിരുന്നു എംബാപ്പെഉടെ ആദ്യ ഗോളുകള്‍. ഇന്റര്‍മിലാനെതിരെ തോറ്റ് തളര്‍ന്ന ബാഴ്‌സയെ റയല്‍ ഗോളുകള്‍ കൊണ്ട് മൂടുമോ എന്ന് സംശയിച്ച ഇടത്ത് നിന്നായിരുന്നു ബാഴ്‌സലോണയുടെ തിരിച്ചുവരവ്. 19മത്തെ മിനിറ്റില്‍ എറിക് ഗാര്‍ഷ്യയുടെ ഹെഡറില്‍ ഗോള്‍ മടക്കിയ ബാഴ്‌സ 32മത്തെ മിനിറ്റില്‍ ലാമിന്‍ യമാലിലൂടെ സമനില പിടിച്ചു. നിസ്സഹായരായി നിന്ന റയലിനെ സാക്ഷിയാക്കി 2 മിനിറ്റിനുള്ളില്‍ ബാഴ്‌സ മുന്നിലെത്തി. റാഫീഞ്ഞയായിരുന്നു ഗോള്‍ നേടിയത്. ഹാഫ് ടൈമിന് പിരിയുന്നതിന് മുന്‍പെ റഫീഞ്ഞ വീണ്ടും ഗോള്‍ നേടി. മത്സരത്തിന്റെ എഴുപതാം മിനിറ്റില്‍ ഗോള്‍ നേടി എംബാപ്പെ റയലിനായി ഹാട്രിക് തികച്ചെങ്കിലും വിജയത്തിലെത്താന്‍ റയലിന് സാധിച്ചില്ല.