ബ്രസീലിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്നും ഡോറിവല്‍ ജൂനിയര്‍ പുറത്ത്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ചിരവൈരികളായ അര്‍ജന്റീനയോടെ 4-1ന്റെ നാണം കെട്ട തോല്‍വിയാണ് ബ്രസീല്‍ ഏറ്റുവാങ്ങിയത്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ബ്രസീലിന്റെ ഏറ്റവും മോശം പ്രകടനമാണിത്. ഇതിന് പിന്നാലെയാണ് ബ്രസീല്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ നടപടി.
ബ്രസീല്‍ ടീമിന്റെ പരിശീലകനായി ഡോറിവല്‍ ഇനി ചുമതലയിലുണ്ടാകില്ലെന്ന് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രഖ്യാപിച്ചു. ഡോറിവല്‍ ജൂനിയറിനോട് നന്ദി പറഞ്ഞ ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അദ്ദേഹത്തിന്റെ തുടര്‍ കരിയറില്‍ വിജയമുണ്ടാവട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. പുതിയ പരിശീലകനെ ഉടനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് അധികൃതര്‍ വ്യക്തമാക്കി.
അര്‍ജന്റീനയ്‌ക്കെതിരായ തോല്‍വിക്ക് പിന്നാലെ ടീമിന്റെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡോറിവല്‍ ജൂനിയര്‍ മുന്നോട്ട് വന്നിരുന്നു. കാര്യങ്ങള്‍ മാറിമറിയുമെന്ന വിശ്വാസവും അദ്ദേഹം പങ്കുവെച്ചിരുന്നു. ഡോറിവല്‍ ചുമതലയേറ്റശേഷം 16 മത്സരങ്ങളാണ് ബ്രസീല്‍ കളിച്ചത്. ഇതില്‍ 7 വിജയവും 7 സമനിലയും നേടി. 2 മത്സരങ്ങളില്‍ പരാജയപ്പെടുകയും ചെയ്തിരുന്നു.