ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വരാനിരിക്കുന്ന 2025ലെ ദി ഹണ്ട്രഡ് സീസണില്‍ മാഞ്ചസ്റ്റര്‍ ഒറിജിനല്‍സിനായി കളിക്കും. വൈല്‍ഡ് കാര്‍ഡിലൂടെയാണ് താരത്തെ ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. 42കാരനായ താരം ഇതാദ്യമായാണ് 100 പന്തുകളുടെ ഹണ്ട്രഡ് ലീഗില്‍ കളിക്കുന്നത്.
ജെയിംസ് ആന്‍ഡേഴ്‌സണ്‍ കളിക്കുകയാണെങ്കില്‍ ടൂര്‍ണമെന്റില്‍ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമായി താരം മാറും. വൈറ്റാലിറ്റി വൈല്‍ഡ് കാര്‍ഡ് ഡ്രാഫ്റ്റിലാണ് ആന്‍ഡേഴ്‌സണ്‍ തിരെഞ്ഞെടുക്കപ്പെട്ടത്. ടി20 ബ്ലാസ്റ്റില്‍ ലങ്കാഷെയറിനായി നടത്തിയ മികച്ച പ്രകടനമാണ് തെരെഞ്ഞെടുപ്പിന് കാരണം. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ഇംഗ്ലണ്ടിന്റെ ആഭ്യന്തര ക്രിക്കറ്റില്‍ താരം സജീവമാണ്.
ജോസ് ബട്ട്ലര്‍ നയിക്കുന്ന മാഞ്ചസ്റ്റര്‍ ഒറിജിനല്‍സില്‍ ജോഷ് ടങ്, നൂര്‍ അഹമ്മദ്, രചിന്‍ രവീന്ദ്ര, ഹെന്റിച്ച് ക്ലാസന്‍ എന്നിവരും ഉള്‍പ്പെടുന്നു. ഓഗസ്റ്റ് 5 മുതല്‍ 31 വരെയാണ് ടൂര്‍ണമെന്റ് നടക്കുക.