മത്സരത്തിനിടെ അര്‍ജന്റീന നായകന്‍ നിക്കോളാസ് ഒട്ടമെന്‍ഡി ബ്രസീല്‍ താരം റഫീനയോടു കാണിച്ച ആംഗ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മത്സരത്തിനു മുന്‍പ് ബ്രസീല്‍ താരം നടത്തിയ പരാമര്‍ശമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ' ഞങ്ങള്‍ അര്‍ജന്റീനയെ തോല്‍പ്പിക്കാന്‍ പോകുന്നു. അക്കാര്യത്തില്‍ സംശയം വേണ്ട. ഗ്രൗണ്ടിലും പുറത്തും ഞങ്ങള്‍ അവര്‍ക്കെതിരെ ആധിപത്യം സ്ഥാപിക്കും,' എന്നാണ് റഫീന അര്‍ജന്റീനയ്‌ക്കെതിരായ മത്സരത്തിനു മുന്‍പ് പറഞ്ഞത്.
മത്സരം ആദ്യ പകുതി പൂര്‍ത്തിയാകുന്ന സമയത്താണ് നിക്കോളാസ് ഒട്ടമെന്‍ഡി റഫീനയ്ക്കുള്ള മറുപടിയുമായി എത്തിയത്. ഇരു ടീമുകളുടെയും താരങ്ങള്‍ തമ്മില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ട സമയത്ത് ഒട്ടമെന്‍ഡി റഫീനയെ നോക്കി 'വായ അടയ്ക്കൂ' എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു. ഈ സമയത്ത് 3-1 ന് അര്‍ജന്റീന ലീഡ് ചെയ്യുകയായിരുന്നു. 'സംസാരം കുറച്ച് കളിച്ചു കാണിക്ക്' എന്നും ഒട്ടമെന്‍ഡി ബ്രസീല്‍ താരത്തെ ഗ്രൗണ്ടില്‍ വെച്ച് വെല്ലുവിളിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.