Portugal vs Denmark: അണ്ണനും അണ്ണന്റെ ടീമും വേറെ ലെവലാടാ, ഡെന്മാര്‍ക്കിനെ തകര്‍ത്ത് പോര്‍ച്ചുഗല്‍ നേഷന്‍സ് ലീഗ് സെമിഫൈനലില്‍

അഭിറാം മനോഹർ

തിങ്കള്‍, 24 മാര്‍ച്ച് 2025 (16:22 IST)
നേഷന്‍സ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലെ രണ്ടാം പാദമത്സരത്തില്‍ ഡെന്മാര്‍ക്കിനെതിരെ 5-2ന്റെ ആവേശകരമായ വിജയം സ്വന്തമാക്കി പോര്‍ച്ചുഗല്‍. ആദ്യ പാദത്തില്‍ 1-0ത്തിന് പോര്‍ച്ചുഗലിനെതിരെ വിജയം സ്വന്തമാക്കാന്‍ ഡെന്മാര്‍ക്കിനായിരുന്നു. എന്നാല്‍ രണ്ടാം മത്സരം വിജയിച്ചതോടെ 5-3 എന്ന അഗ്രഗേറ്റ് സ്‌കോറില്‍ സെമിഫൈനല്‍ യോഗ്യത പൊര്‍ച്ചുഗല്‍ സ്വന്തമാക്കി. ഫ്രാന്‍സിസ്‌കോ ട്രിന്‍സാവോ, ഗോണ്‍സാലോ റാമോസ്, ക്രിസ്റ്റ്യാനോ റോണാള്‍ഡൊ എന്നിവരാണ് പോര്‍ച്ചുഗലിനായി ഗോളുകള്‍ നേടിയത്. 
 
 മത്സരത്തിന്റെ തുടക്കത്തില്‍ റൊണാള്‍ഡോയെ ഫൗള്‍ ചെയ്തതിന് പോര്‍ച്ചുഗലിന് പെനാല്‍റ്റി ലഭിച്ചെങ്കിലും ഈ പെനാല്‍ട്ടി ഗോളാക്കി മാറ്റാന്‍ റൊണാള്‍ഡോയ്ക്ക് സാധിച്ചില്ല. 38മത്തെ മിനിറ്റില്‍ ജോക്കിം ആന്‍ഡേഴ്‌സന്റെ സെല്‍ഫ് ഗോളിലൂടെയാണ് മത്സരത്തില്‍ പോര്‍ച്ചുഗല്‍ ഗോള്‍ നേടിയത്. എന്നാല്‍ 56മത്തെ മിനിറ്റില്‍ റാസ്മസ് ക്രിസ്‌റ്റൈന്‍സണിലൂടെ ഡെന്മാര്‍ക്ക് തിരിച്ചടിച്ചു.
 
 72മത്തെ മിനിറ്റില്‍ റൊണാള്‍ഡോ ലീഡ് പുനസ്ഥാപിച്ചു. 76മത്തെ മിനിറ്റില്‍ ക്രിസ്റ്റ്യന്‍ എറിക്‌സണിലൂടെ ഡെന്മാര്‍ക്ക് വീണ്ടും ഗോള്‍ നേടി.  മത്സരത്തിന്റെ 86മത്തെയും 91മത്തെയും മിനിറ്റിലും ട്രിന്‍സാവോ നേടിയ ഗോളുകളാന് പിന്നീട് പോര്‍ച്ചുഗലിന് ലീഡ് നല്‍കിയത്. 115മത്തെ മിനിറ്റില്‍ ഗോണ്‍സാലോ റാമോസും ഗോള്‍ കണ്ടെത്തിയതോടെ മത്സരം 5-2ന് പോര്‍ച്ചുഗല്‍ വിജയിക്കുകയായിരുന്നു. സെമിയില്‍ ജര്‍മനിയാണ് പോര്‍ച്ചുഗലിന്റെ എതിരാളികള്‍.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍