ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിനെതിരെ 4-1 ന്റെ ആധികാരിക വിജയം സ്വന്തമാക്കി ലോകചാമ്പ്യന്മാരായ അര്‍ജന്റീന. മത്സരത്തിലെ വിജയത്തിലൂടെ ലാറ്റിനമേരിക്കയില്‍ നിന്നും ലോകകപ്പ് യോഗ്യത നേടാനും അര്‍ജന്റീനയ്ക്കായി. അത്യന്തം ആവേശകരമായ മത്സരത്തില്‍ പക്ഷേ പഴയ പ്രതാപികളായ ബ്രസീലിന്റെ നിഴല്‍ മാത്രമാണ് കളിക്കളത്തില്‍ കാണാനായത്.
നേരത്തെ ബ്രസീല്‍- അര്‍ജന്റീന പോരാട്ടത്തിന് മുന്‍പെ അര്‍ജന്റീന ടീമിനെ തോല്‍പ്പിക്കുമെന്ന തരത്തില്‍ ബ്രസീല്‍ താരങ്ങള്‍ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ മത്സരശേഷം പ്രതികരണം നടത്തിയിരിക്കുകയാണ് അര്‍ജന്റൈന്‍ താരമായ റോഡ്രിഗോ ഡിപോള്‍. മത്സരത്തിന് മുന്‍പെ ബ്രസീല്‍ അര്‍ജന്റീനയെ പുച്ഛിച്ചെന്നും ഇനി അവര്‍ കുറച്ച് ഞങ്ങളെ ബഹുമാനിക്കട്ടെയെന്നും ഡിപോള്‍ പറയുന്നു.
ഞങ്ങള്‍ മത്സരത്തിന് മുന്‍പായി ആരെയും പുച്ഛിക്കാറില്ല. അനാദരവ് കാണിക്കാറില്ല. ഈ വര്‍ഷങ്ങളിലെല്ലാം ഞങ്ങളോട് പലരും അനാദരവ് കാണിച്ചിട്ടുണ്ട്. ആരും സഹായിച്ചിട്ടില്ല. എല്ലാം ഞങ്ങള്‍ കഠിനാദ്ധ്വാനത്തിലൂടെ നേടിയെടുത്തതാണ്. ഞങ്ങള്‍ അത് തെളിയിച്ചുകൊണ്ടേയിരിക്കുന്നു. കഴിഞ്ഞ 6 വര്‍ഷമായി ഞങ്ങളാണ് ഏറ്റവും മികച്ച ദേശീയ ടീം. ഞങ്ങളെ പുച്ഛിച്ചവര്‍ ഇനി കുറച്ച് ഞങ്ങളെ ബഹുമാനിക്കട്ടെ. ഡിപോള്‍ പറഞ്ഞു.