ആ സിംഗിളിനോട് 'നോ' തന്നെ, ഇനിയൊരു നൂറ് അവസരം ലഭിച്ചാലും; വിമര്‍ശകരുടെ വായടപ്പിച്ച് സഞ്ജു

Webdunia
വെള്ളി, 16 ഏപ്രില്‍ 2021 (13:02 IST)
പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ ക്രിസ് മോറിസിന് സ്‌ട്രൈക് കൈമാറത്തതില്‍ കുറ്റബോധമില്ലെന്ന് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. ക്രിസ് മോറിസിന്റെ ബാറ്റിങ് മികവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ ജയിച്ചതിനു പിന്നാലെയാണ് സിംഗിള്‍ വിവാദം വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. പഞ്ചാബിനെതിരായ മത്സരത്തില്‍ മോറിസിന് സ്‌ട്രൈക് കൈമാറിയിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നില്ലേ എന്നാണ് ഡല്‍ഹിക്കെതിരായ മത്സരത്തിലെ മോറിസിന്റെ പ്രകടനം കണ്ടശേഷം പലരും ചോദിക്കുന്നത്. എന്നാല്‍, ഇതിനോടെല്ലാം കൃത്യമായി പ്രതികരിക്കുകയാണ് മലയാളി താരം കൂടിയായ സഞ്ജു. 
 
'ഇനിയും ഒരു നൂറ് അവസരം കൂടി ലഭിച്ചാലും ആ സിംഗിള്‍ എടുക്കാന്‍ ശ്രമിക്കില്ല,' എന്നാണ് സഞ്ജു പറയുന്നത്. അവസാന പന്തില്‍ സിക്‌സ് അടിച്ച് ടീമിനെ ജയിപ്പിക്കാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസവും ധൈര്യവും തനിക്കുണ്ടായിരുന്നെന്ന് പറഞ്ഞുവയ്ക്കുകയാണ് സഞ്ജു. 'എപ്പോഴും മത്സരങ്ങള്‍ക്കു ശേഷം സ്വസ്ഥമായിരുന്ന് എന്റെ പ്രകടനം ഇഴകീറി പരിശോധിക്കാറുണ്ട്. ഒരു കാര്യം ഉറപ്പാണ്. ആ മത്സരം ഇനിയും 100 വട്ടം കളിക്കാന്‍ അവസരം ലഭിച്ചാലും ആ സിംഗിള്‍ ഞാന്‍ എടുക്കില്ല,' സഞ്ജു വ്യക്തമാക്കി. 

പഞ്ചാബ് കിങ്‌സ് ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ പിന്തുടരുകയായിരുന്ന രാജസ്ഥാന്‍ സഞ്ജുവിന്റെ സെഞ്ചുറി മികവില്‍ വിജയത്തിനു തൊട്ടരികെ എത്തിയതാണ്. എന്നാല്‍, സഞ്ജുവിന് അവസാന പന്തില്‍ സിക്‌സ് അടിക്കാന്‍ സാധിക്കാതെ വന്നതോടെ മത്സരം രാജസ്ഥാന്‍ തോറ്റു. അവസാന പന്തില്‍ രാജസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത് അഞ്ച് റണ്‍സ് മാത്രമായിരുന്നു. സഞ്ജുവിനൊപ്പം ക്രിസ് മോറിസ് ആയിരുന്നു ക്രീസിലുണ്ടായിരുന്നത്. അവസാന രണ്ട് പന്തില്‍ അഞ്ച് റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന സമയത്ത് അഞ്ചാം പന്തില്‍ സിംഗിളിന് അവസരം ലഭിച്ചതാണ്. എന്നാല്‍, ബാറ്റ് ചെയ്യുകയായിരുന്ന സഞ്ജു സിംഗിള്‍ നല്‍കിയില്ല. ക്രിസ് മോറിസ് ആകട്ടെ സിംഗിളിനായി ഓടുകയും ചെയ്തു. സഞ്ജു സ്‌ട്രൈക് കൈമാറാത്തതില്‍ മോറിസിന് അതിശയം തോന്നി. ആ സമയത്ത് ഏറെ നിരാശനായിരുന്നു മോറിസ്.
 

 
 

അനുബന്ധ വാര്‍ത്തകള്‍

Next Article