ഔട്ടായതില്‍ ദേഷ്യവും നിരാശയും; കസേര അടിച്ചുതെറിപ്പിച്ച് കോലി, വീഡിയോ

വ്യാഴം, 15 ഏപ്രില്‍ 2021 (09:35 IST)
സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വിജയിച്ചെങ്കിലും ബാറ്റിങ്ങില്‍ വിചാരിച്ച പോലെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാത്തതില്‍ നായകന്‍ വിരാട് കോലി നിരാശനായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് വേണ്ടി നായകന്‍ വിരാട് കോലിയും യുവതാരം ദേവ്ദത്ത് പടിക്കലുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. വേഗത കുറഞ്ഞ പിച്ചില്‍ അതിവേഗം റണ്‍സ് കണ്ടെത്തുക എന്നത് കോലി അടക്കമുള്ള മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ക്ക് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. റണ്‍സ് കണ്ടെത്താന്‍ കോലി പലപ്പോഴും ഏറെ പ്രായസപ്പെട്ടിരുന്നു. 
 
29 പന്തില്‍ നിന്ന് 33 റണ്‍സ് മാത്രമാണ് കോലി ഇന്നലെ ബാംഗ്ലൂരിനായി നേടിയത്. സ്‌ട്രൈക് റേറ്റ് വെറും 113.79 ആയിരുന്നു. കോലി നേടിയത് നാല് ഫോറുകള്‍ മാത്രം. ജേസന്‍ ഹോള്‍ഡറുടെ പന്തില്‍ വിജയ് ശങ്കര്‍ക്ക് ക്യാച് നല്‍കിയാണ് കോലി മടങ്ങിയത്. ഔട്ടായി കളം വിടുന്ന സമയത്ത് കോലി വളരെ നിരാശനായിരുന്നു. പവിലിയനിലേക്ക് മടങ്ങിയ ആര്‍സിബി നായകനെ ഏറെ ദേഷ്യത്തോടെയാണ് കാണപ്പെട്ടത്. ഡഗ്ഔട്ടില്‍ എത്തിയതും തന്റെ കൈയിലുള്ള ബാറ്റ് കൊണ്ട് കസേര തട്ടി തെറിപ്പിക്കുകയായിരുന്നു താരം. സഹതാരങ്ങള്‍ കോലിയുടെ പ്രവര്‍ത്തികളെല്ലാം കണ്ട് ഡഗ്ഔട്ടില്‍ ഇരിക്കുന്നുണ്ടായിരുന്നു. കോലി ബാറ്റുകൊണ്ട് അടിച്ചതും കസേര തെറിച്ചു പോകുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 
 
അവസാനം വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ആറ് റണ്‍സ് വിജയമാണ് ആര്‍സിബി സ്വന്തമാക്കിയത്. ഈ സീസണില്‍ ആര്‍സിബിയുടെ തുടര്‍ച്ചയായുള്ള രണ്ടാം ജയമാണിത്. നേരത്തെ മുംബൈ ഇന്ത്യന്‍സിനെയും ആര്‍സിബി കീഴടക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് നേടിയത്. സണ്‍റൈസേഴ്‌സ് ഹൈദരബാദിന് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍