ടോസിട്ട കോയിന്‍ നേരെ പോക്കറ്റിലേക്ക്; ക്യാപ്റ്റന്‍ സഞ്ജുവിന് കൈയബദ്ധം, വീഡിയോ

നെല്‍വിന്‍ വില്‍സണ്‍

ചൊവ്വ, 13 ഏപ്രില്‍ 2021 (10:18 IST)
മലയാളികളെ സംബന്ധിച്ചിടുത്തോളം ഇന്നലെ ഐപിഎല്ലില്‍ കണ്ടത് അഭിമാനകരമായ നിമിഷങ്ങളാണ്. ആദ്യമായി ഒരു മലയാളി ഐപിഎല്‍ ഫ്രാഞ്ചൈസിയെ നയിക്കുന്ന കാഴ്ചയായിരുന്നു അത്. രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായി മലയാളി താരം സഞ്ജു സാംസണ്‍ ഇന്നലെയാണ് അരങ്ങേറ്റം കുറിച്ചത്. ആവേശകരമായ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനോട് രാജസ്ഥാന്‍ തോല്‍വി വഴങ്ങിയെങ്കിലും ക്യാപ്റ്റന്‍ എന്ന നിലയില്‍ സഞ്ജുവിന്റെ പ്രകടനം ശ്രദ്ധേയമായി. 63 പന്തില്‍ 12 ഫോറും ഏഴ് സിക്‌സും സഹിതം 119 റണ്‍സാണ് സഞ്ജു നേടിയത്. 

കളിക്കളത്തില്‍ സഞ്ജു വളരെ ഗൗരവത്തോടെയാണ് നിന്നതെങ്കിലും ടോസിടാന്‍ എത്തിയപ്പോള്‍ എല്ലാവരെയും താരം ചിരിപ്പിച്ചു. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലായിരുന്നു മത്സരം. ഹോം ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജുവാണ് കോയിന്‍ ടോസ് ചെയ്തത്. ടോസ് സഞ്ജുവിന് അനുകൂലമായിരുന്നു. ടോസ് ജയിച്ച സഞ്ജു പഞ്ചാബ് കിങ്‌സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇതിനിടെയാണ് രസകരമായ ചില കാര്യങ്ങള്‍ നടന്നത്. 

സാധാരണ നിലയില്‍ ടോസിട്ട കോയിന്‍ താഴെ വീണു കഴിഞ്ഞാല്‍ മാച്ച് റഫറിയാണ് എടുക്കുക. ചിലപ്പോള്‍ ഏതെങ്കിലും ടീം നായകന്‍മാരും ആ കോയിന്‍ എടുത്ത് മാച്ച് റഫറിയുടെ കൈയില്‍ നല്‍കാറുണ്ട്. ഇത്തവണ സഞ്ജു ആ പതിവെല്ലാം തെറ്റിച്ചു. നിലത്തുവീണ കോയിന്‍ എടുത്ത ശേഷം സഞ്ജു അത് നേരെ സ്വന്തം പോക്കറ്റിലേക്ക് ഇട്ടു. കോയിന്‍ എടുക്കാന്‍ കുനിഞ്ഞ മാച്ച് റഫറിയടക്കം ഇതുകണ്ട് ആശ്ചര്യപ്പെട്ടു. പഞ്ചാബ് നായകന്‍ കെ.എല്‍.രാഹുല്‍ അവിടെ എന്താണ് നടന്നതെന്ന് അറിഞ്ഞില്ല. കോയിന്‍ പോക്കറ്റിലിട്ട ശേഷം വളരെ രസകരമായ രീതിയില്‍ മാച്ച് റഫറിയെ നോക്കി ചിരിക്കുന്ന സഞ്ജുവിനെയും വീഡിയോയില്‍ കാണാം. 
 
ആവേശകരമായ മത്സരത്തില്‍ നാല് റണ്‍സിനാണ് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് നായകന്‍ കെ.എല്‍.രാഹുല്‍ (50 പന്തില്‍ 91), ദീപക് ഹൂഡ (28 പന്തില്‍ 64) എന്നിവരുടെ ബാറ്റിങ് കരുത്തില്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സ് മാത്രം നേടാനെ സാധിച്ചുള്ളൂ. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍