അര്‍ധ സെഞ്ചുറിക്ക് പിന്നാലെ മൂന്ന് വിരല്‍ സെലിബ്രേഷന്‍; കാരണം വെളിപ്പെടുത്തി നിതീഷ് റാണ

നെൽവിൻ വിൽസൺ

തിങ്കള്‍, 12 ഏപ്രില്‍ 2021 (15:22 IST)
ഐപിഎല്ലിലെ ഏറെ ആവേശകരമായ മത്സരമായിരുന്നു ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരബാദും തമ്മില്‍ നടന്നത്. വാശിയേറിയ പോരാട്ടത്തില്‍ കൊല്‍ക്കത്ത വിജയം സ്വന്തമാക്കി. ഓപ്പണറായി ക്രീസിലെത്തിയ നിതീഷ് റാണയുടെ മികച്ച പ്രകടനമാണ് കൊല്‍ക്കത്തയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. 
 
കൊല്‍ക്കത്തയ്ക്കായി അര്‍ധ സെഞ്ചുറി നേടിയ നിതീഷ് റാണ നടത്തിയ അഹ്‌ളാദപ്രകടനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. അര്‍ധ സെഞ്ചുറി നേടിയ ശേഷം മൂന്ന് വിരല്‍ സെലിബ്രേഷനാണ് റാണ നടത്തിയത്. അത് എന്തിനാണെന്ന് ആരാധകര്‍ക്ക് സംശയമുണ്ടായിരുന്നു. ഒടുവില്‍ മത്സരശേഷം താരം തന്നെ ഇക്കാര്യത്തില്‍ വെളിപ്പെടുത്തല്‍ നടത്തി. 
 
മൂന്ന് വിരലുകള്‍ ഉപയോഗിച്ച് ഇംഗ്ലീഷ് അക്ഷരമാലയിലെ M എന്ന വാക്കാണ് നിതീഷ് റാണ കാണിച്ചത്. ഗ്ലൗസ് ഊരിയ ശേഷമാണ് റാണ M എന്നു വിരലുകള്‍ കൊണ്ട് കാണിച്ചത്. തന്റെ സുഹൃത്തുക്കള്‍ വേണ്ടിയായിരുന്നു ഇതെന്ന് മത്സരശേഷം റാണ പറഞ്ഞു. കൊല്‍ക്കത്തയുടെ മറ്റൊരു താരമായ ഹര്‍ഭജന്‍ സിങ്ങുമായി സംസാരിക്കുമ്പോഴാണ് റാണയുടെ വെളിപ്പെടുത്തല്‍. 
 
'ഇങ്ങനെയായിരുന്നു അത് (വിരലുകള്‍ ഉപയോഗിച്ച് M എന്നു കാണിക്കുന്നു). ഇത് എന്റെ സുഹൃത്തുക്കള്‍ക്ക് വേണ്ടിയായിരുന്നു. ഞാനും എന്റെ സുഹൃത്തുക്കളും 'ബ്രൗണ്‍ മുണ്ടെ' പാട്ടിന്റെ വലിയ ആരാധകരാണ്. നമ്മളെല്ലാം 'ബ്രൗണ്‍ മുണ്ടെ' ആരാധകരാണെന്ന് അറിയിക്കാന്‍ ഈ സീസണില്‍ ഞാ ഇത്തരമൊരു സെലിബ്രേഷന്‍ നടത്തുമെന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അതെ, ഞങ്ങള്‍ ബ്രൗണ്‍ മുണ്ടെ ആരാധകനാണ്,'റാണ പറഞ്ഞു. 
 
56 പന്തില്‍ നിന്ന് ഒന്‍പത് ഫോറും നാല് സിക്‌സും സഹിതം 80 റണ്‍സ് നേടിയ നിതീഷ് റാണയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍