സഞ്ജു സാംസണ്‍ സ്‌ട്രൈക് നല്‍കാത്തതില്‍ ക്രിസ് മോറിസിന് പരിഭവമുണ്ടോ? മറുപടി

വെള്ളി, 16 ഏപ്രില്‍ 2021 (10:31 IST)
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ വിജയത്തിലെത്തിച്ചത് ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ് ആണ്. ഡല്‍ഹി ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് തുടക്കം മുതല്‍ തിരിച്ചടികളായിരുന്നു. 42 റണ്‍സ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായ രാജസ്ഥാനെ വിജയത്തിലെത്തിച്ചത് ഡേവിഡ് മില്ലറും ക്രിസ് മോറിസും ചേര്‍ന്നാണ്. ടീം ടോട്ടല്‍ 104 റണ്‍സില്‍ നില്‍ക്കെ ഏഴാം വിക്കറ്റായി ഡേവിഡ് മില്ലര്‍ കൂടി പുറത്തായതോടെ രാജസ്ഥാന്‍ തോല്‍വി മണത്തതാണ്. എന്നാല്‍, ക്രിസ് മോറിസിന്റെ കിടിലന്‍ ഇന്നിങ്സ് രാജസ്ഥാന്‍ റോയല്‍സിന് വിജയം സമ്മാനിക്കുകയായിരുന്നു. 
 
അവസാന രണ്ട് ഓവറുകളില്‍ നിന്നായി മോറിസ് നേടിയത് നാല് സിക്സുകളാണ്. കളിയുടെ ഫലം തന്നെ മാറ്റിയെഴുതിയ ബൗണ്ടറികളായിരുന്നു അത്. 19-ാം ഓവര്‍ എറിഞ്ഞ കഗിസോ റബാഡയെ രണ്ട് തവണ അതിര്‍ത്തി കടത്തിയതോടെ കളി രാജസ്ഥാന്റെ വരുതിയിലായി. ടോം കറാന്റെ അവസാന ഓവറില്‍ രണ്ട് പന്ത് ശേഷിക്കെ രാജസ്ഥാനെ വിജയത്തിലെത്തിക്കാന്‍ മോറിസിന് സാധിക്കുകയും ചെയ്തു. 18 പന്തുകളില്‍ നിന്ന് 36 റണ്‍സാണ് മോറിസ് ഇന്നലെ പുറത്താകാതെ നേടിയത്. 
 
ഇതിനിടയിലാണ് ഈ സീസണിലെ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനും മലയാളി താരവുമായ സഞ്ജു സാസണും ക്രിസ് മോറിസും തമ്മിലുണ്ടായ നാടകീയ രംഗങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. പഞ്ചാബ് കിങ്സ് ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ പിന്തുടരുകയായിരുന്ന രാജസ്ഥാന്‍ സഞ്ജുവിന്റെ സെഞ്ചുറി മികവില്‍ വിജയത്തിനു തൊട്ടരികെ എത്തിയതാണ്. എന്നാല്‍, സഞ്ജുവിന് അവസാന പന്തില്‍ സിക്സ് അടിക്കാന്‍ സാധിക്കാതെ വന്നതോടെ മത്സരം രാജസ്ഥാന്‍ തോറ്റു. അവസാന പന്തില്‍ രാജസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത് അഞ്ച് റണ്‍സ് മാത്രമായിരുന്നു. സഞ്ജുവിനൊപ്പം ക്രിസ് മോറിസ് ആയിരുന്നു ക്രീസിലുണ്ടായിരുന്നത്. അവസാന രണ്ട് പന്തില്‍ അഞ്ച് റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന സമയത്ത് അഞ്ചാം പന്തില്‍ സിംഗിളിന് അവസരം ലഭിച്ചതാണ്. എന്നാല്‍, ബാറ്റ് ചെയ്യുകയായിരുന്ന സഞ്ജു സിംഗിള്‍ നല്‍കിയില്ല. ക്രിസ് മോറിസ് ആകട്ടെ സിംഗിളിനായി ഓടുകയും ചെയ്തു. സഞ്ജു സ്ട്രൈക് കൈമാറാത്തതില്‍ മോറിസിന് അതിശയം തോന്നി. ആ സമയത്ത് ഏറെ നിരാശനായിരുന്നു മോറിസ്. 
 
ഡല്‍ഹിക്കെതിരെ മോറിസിന്റെ കളി കണ്ടതോടെ പഞ്ചാബിനെതിരായ മത്സരത്തില്‍ സഞ്ജു സ്ട്രൈക് കൈമാറിയിരുന്നെങ്കില്‍ മോറിസ് കളി ജയിപ്പിക്കുമായിരുന്നില്ലേ എന്നാണ് പലരുടെയും ചോദ്യം. ഒടുവില്‍ ആ സംഭവത്തെ കുറിച്ച് മോറിസ് തന്നെ വ്യക്തത വരുത്തുകയാണ്. 'ഞാന്‍ റണ്‍സിനായി ഓടിയത് കാര്യമാക്കേണ്ട. എനിക്ക് തിരിച്ച് ഓടേണ്ടി വന്നതില്‍ പ്രശ്നമൊന്നും ഇല്ല. കാരണം, സഞ്ജു വളരെ നന്നായി ബാറ്റ് ചെയ്യുകയായിരുന്നു. ഞാന്‍ അതിവേഗം ഓടിയതിനെ ആളുകള്‍ തെറ്റിദ്ധരിക്കുകയാണ്. സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത വിധമാണ് സഞ്ജു ആ സമയത്ത് ബാറ്റ് ചെയ്തിരുന്നത്. അവസാന പന്തില്‍ സിക്സ് അടിച്ച് സഞ്ജു കളി ജയിപ്പിക്കുമെന്ന് ഞാന്‍ കരുതിയിരുന്നു. ആ സമയത്തെ ഫോം വച്ച് നോക്കുമ്പോള്‍ അദ്ദേഹത്തിനു അത് കഴിയില്ലെന്ന് എനിക്ക് തോന്നിയിട്ടേയില്ല,' മോറിസ് പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍