Rishabh Pant: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ തോറ്റതിനു പിന്നാലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ റിഷഭ് പന്തിനു വിമര്‍ശനം. പന്തിന്റെ മോശം പ്രകടനവും ക്യാപ്റ്റന്‍സിയിലെ പാളിച്ചകളുമാണ് കളി തോല്‍ക്കാന്‍ പ്രധാന കാരണമെന്ന് ലഖ്‌നൗ ആരാധകര്‍ അടക്കം വിമര്‍ശിക്കുന്നു.
മെഗാ താരലേലത്തില്‍ 27 കോടി രൂപയ്ക്കാണ് ലഖ്‌നൗ റിഷഭ് പന്തിനെ സ്വന്തമാക്കിയത്. എന്നാല്‍ ഡല്‍ഹിക്കെതിരായ മത്സരത്തിലെ ഏറ്റവും മോശം പ്രകടനങ്ങളുടെ പട്ടികയെടുത്താല്‍ അതില്‍ ലഖ്‌നൗ നായകന്‍ ഒന്നാമതുണ്ടാകും. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹി ഒരു വിക്കറ്റും മൂന്ന് പന്തുകളും ശേഷിക്കെ വിജയം സ്വന്തമാക്കി.
11 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 125 റണ്‍സുമായി നിന്നിരുന്ന ടീമാണ് പിന്നീട് 209 റണ്‍സില്‍ ഒതുങ്ങിയത്. ഒരു ഘട്ടത്തില്‍ ലഖ്‌നൗവിന്റെ ടീം ടോട്ടല്‍ 250 കടന്നേക്കുമെന്ന് പോലും ആരാധകര്‍ പ്രതീക്ഷിച്ചതാണ്. എന്നാല്‍ ആറ് പന്തില്‍ പൂജ്യത്തിനു പുറത്തായ റിഷഭ് പന്ത് അടക്കമുള്ള മധ്യനിര ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയതോടെ ലഖ്‌നൗവിന്റെ സ്‌കോര്‍ ബോര്‍ഡ് 209 ല്‍ നിന്നു.
വിക്കറ്റിനു പിന്നിലും പന്ത് നിരാശപ്പെടുത്തി. 20-ാം ഓവറിലെ ആദ്യ പന്തില്‍ ഡല്‍ഹിയുടെ അവസാന വിക്കറ്റ് സ്വന്തമാക്കാനുള്ള അവസരം ലഖ്‌നൗവിനു ഉണ്ടായിരുന്നു. ആ വിക്കറ്റ് വീഴ്ത്തിയിരുന്നെങ്കില്‍ ലഖ്‌നൗവിന് അഞ്ച് റണ്‍സിനു ജയിക്കാമായിരുന്നു. അത് കുളമാക്കിയത് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ്.