Yashasvi Jaiswal: 'ക്യാപ്റ്റനാകാന്‍ മോഹം'; ജയ്‌സ്വാള്‍ മുംബൈ വിടുന്നു, ഗോവയിലേക്ക്

രേണുക വേണു

ബുധന്‍, 2 ഏപ്രില്‍ 2025 (15:40 IST)
Yashasvi Jaiswal: യശ്വസി ജയ്‌സ്വാള്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഗോവയ്ക്കു വേണ്ടി കളിക്കാന്‍ ആഗ്രഹിക്കുന്നു. ക്യാപ്റ്റന്‍സി ലക്ഷ്യമിട്ടാണ് മുംബൈ വിട്ട് ഗോവയിലേക്ക് ചേക്കേറാന്‍ താരം ആഗ്രഹിക്കുന്നത്. 
 
മുംബൈ ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് ജയ്‌സ്വാള്‍ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കി. ഗോവ ക്രിക്കറ്റ് അസോസിയേഷന്‍ നായകസ്ഥാനം വാഗ്ദാനം ചെയ്തതിനു പിന്നാലെയാണ് ജയ്‌സ്വാളിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ട്. 
 
നിലവില്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ഭാഗമായ ജയ്‌സ്വാള്‍ ഏറെ ആലോചനകള്‍ക്കു ശേഷമാണ് ആഭ്യന്തര ക്രിക്കറ്റില്‍ സംസ്ഥാനം മാറാന്‍ തീരുമാനിച്ചിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാലും കരിയര്‍ മെച്ചപ്പെടുത്താനും വേണ്ടിയാണ് ഈ തീരുമാനമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷനു താരം നല്‍കിയ കത്തില്‍ പറയുന്നു. 
 
റെഡ് ബോള്‍ ക്രിക്കറ്റില്‍ അജിങ്ക്യ രഹാനെയും വൈറ്റ് ബോളില്‍ ശ്രേയസ് അയ്യരുമാണ് മുംബൈയെ നയിക്കുന്നത്. ഇക്കാരണത്താല്‍ ഉടനൊന്നും മുംബൈ നായകസ്ഥാനം ജയ്‌സ്വാളിനു ലഭിക്കില്ല. അതുകൊണ്ടാണ് താരം ഗോവ ക്രിക്കറ്റ് അസോസിയേഷന്റെ ഭാഗമാകാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍