ഐപിഎല്ലിന്റെ പതിനെട്ടാം സീസണ്‍ പുരോഗമിക്കുമ്പോള്‍ ഈ സീസണിലെ ഏറ്റവും വിലപ്പിടിപ്പുള്ള താരങ്ങളുടെ പ്രകടനങ്ങളാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. 26.75 കോടി രൂപയ്ക്ക് പഞ്ചാബ് വാങ്ങിച്ചെടുത്ത ശ്രേയസ് അയ്യര്‍ നായകനെന്ന നിലയിലും ബാറ്ററെന്ന നിലയിലും മികച്ച പ്രകടനങ്ങള്‍ നടത്തുമ്പോള്‍ 27 ലക്ഷത്തിന് ലഖ്‌നൗ വാങ്ങിയ റിഷഭ് പന്തിന് ഇതുവരെയും തിളങ്ങാനായിട്ടില്ല.
ഐപിഎല്‍ കഴിഞ്ഞ സീസണില്‍ മോശം പ്രകടനം തുടര്‍ന്നതോടെ കെ എല്‍ രാഹുലിനെതിരെ പരസ്യമായി ഗ്രൗണ്ടില്‍ വെച്ച് അതൃപ്തി പ്രകടിപ്പിച്ച സഞ്ജീവ് ഗോയങ്കയാണ് ലഖ്‌നൗ ടീമിന്റെ ഉടമ. 2022- 2024 വരെ 3 സീസണ്‍ കളിച്ചതിന് ശേഷമായിരുന്നു കെ എല്‍ രാഹുലിനെതിരെ ഗോയങ്കയുടെ പരസ്യമായ പ്രകടനം. കെ എല്‍ രാഹുലിന് ഈ ചീത്തവിളി കേള്‍ക്കാന്‍ 3 സീസണ്‍ വേണ്ടിവന്നെങ്കില്‍ വെറും 3 മത്സരങ്ങളില്‍ നിന്ന് തന്നെ പന്ത് ആ ചീത്തവിളികള്‍ കേട്ട് കഴിഞ്ഞു എന്നതാണ് പഞ്ചാബ്- ലഖ്‌നൗ മത്സരത്തിന് ശേഷം പുറത്തുവന്ന ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. 3 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ വെറും 17 റണ്‍സാണ് പന്ത് ലഖ്‌നൗവിനായി നേടിയിട്ടുള്ളത്.