Jos The Boss: കോലിയും ധോനിയും ചെയ്യുന്നതെ ഞാനും ചെയ്തുള്ളു, എന്റെ കഴിവില്‍ വിശ്വസിച്ചു: ജോസ് ബട്ട്‌ലര്‍

അഭിറാം മനോഹർ
ബുധന്‍, 17 ഏപ്രില്‍ 2024 (11:54 IST)
Jos Butler,Rajasthan Royals
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റണ്‍ ചെയ്‌സ് എന്ന നേട്ടം ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയപ്പോള്‍ രാജസ്ഥാന്‍ വിജയത്തിന്റെ ക്രെഡിറ്റ് നല്‍കുന്നത് ഓപ്പണിംഗ് താരമായ ജോസ് ബട്ട്‌ലര്‍ക്കാണ്. അപ്രാപ്യമായ ടോട്ടല്‍ അയിരുന്നില്ലെങ്കിലും മധ്യഓവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റ് നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ ടീമിനെ വിജയത്തിലേക്കെത്തിച്ചത് ജോസ് ബട്ട്‌ലര്‍ എന്ന ഒറ്റയാന്റെ ചങ്കുറപ്പായിരുന്നു. 6 ഓവറില്‍ വിജയിക്കാന്‍ 96 റണ്‍സ് എന്ന ഘട്ടത്തില്‍ നിന്ന ടീമിനെ ഏതാണ്ട് ഒറ്റയ്ക്കാണ് ബട്ട്‌ലര്‍ വിജയിപ്പിച്ചത്. മത്സരശേഷം തന്റെ പ്രകടനത്തെ പറ്റി ബട്ട്‌ലര്‍ നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
 
സ്വന്തം കഴിവുകളില്‍ വിശ്വസിക്കുക എന്നതാണ് പ്രധാനമായി മാറിയത്. ആദ്യ സമയങ്ങളില്‍ താളം കണ്ടെത്താന്‍ ഞാന്‍ വളരെയധികം ബുദ്ധിമുട്ടി. ചില സമയങ്ങളില്‍ വല്ലാതെ ദേഷ്യം വന്നു. ഞാന്‍ എന്നെ തന്നെ സ്വയം ചോദ്യം ചെയ്തുതുടങ്ങി. എന്നാല്‍ ഇതെല്ലാം തന്നെ നിയന്ത്രിക്കാന്‍ ഞാന്‍ ശ്രമിച്ചു. മത്സരത്തില്‍ മുന്നോട്ട് പോവുക എന്നതായിരുന്നു പ്രധാനം. അങ്ങനെ താളം വീണ്ടെടുക്കാന്‍ പറ്റുമെന്ന് കരുതി. ധോനിയും കോലിയുമെല്ലാം ഇത്തരത്തീല്‍ വമ്പന്‍ മത്സരങ്ങളുടെ അവസാനം വരെ ക്രീസില്‍ തുടരുന്നതും അവരില്‍ തന്നെ വിശ്വസിച്ച് ടീമിനെ വിജയിപ്പിക്കുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. അത് തന്നെയാണ് ഞാനും ശ്രമിച്ചത്.
 
സംഗക്കാര എന്നോട് എപ്പോഴും പറയുന്ന കാര്യവും അത് തന്നെയാണ്. ഞാന്‍ മത്സരത്തില്‍ ചെയ്യാന്‍ ശ്രമിച്ചതും അതുതന്നെ. മത്സരത്തില്‍ പൊരുതാന്‍ നില്‍ക്കാതെ കീഴടങ്ങുക എന്നതാണ് ഏറ്റവും മോശം കാര്യം. അങ്ങനെ വിക്കറ്റ് വലിച്ചെറിയുന്നതില്‍ എനിക്ക് യോജിപ്പില്ല. ബട്ട്‌ലര്‍ പറഞ്ഞു. മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയര്‍ത്തിയ 224 റണ്‍സ് വിജയലക്ഷ്യം അവസാന പന്തിലാണ് രാജസ്ഥാന്‍ മറികടന്നത്. 60 പന്തില്‍ പുറത്താകാതെ 107 റണ്‍സ് നേടിയ ജോസ് ബട്ട്‌ലറാായിരുന്നു രാജസ്ഥാന്റെ വിജയശില്പി.

അനുബന്ധ വാര്‍ത്തകള്‍

Next Article