ലോകക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച താരങ്ങളെ ഫാബുലസ് ഫോര്‍ എന്ന നിലയിലാണ് ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കുന്നത്. ഫാബുലസ് ഫോറിലെ കോലി, സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസണ്‍ എന്നിവരെല്ലാം നിലവില്‍ നിറം മങ്ങിയ പ്രകടനമാണ് നടത്തുന്നതെങ്കില്‍ സെഞ്ചുറികള്‍ നേടുന്നത് തമാശയാക്കിയിരിക്കുകയാണ് ഇംഗ്ലണ്ട് താരമായ ജോ റൂട്ട്. ഇപ്പോഴിതാ നിലവില്‍ ലോകക്രിക്കറ്റിലെ മികച്ച താരം ആരാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ഇംഗ്ലണ്ടിന്റെ തന്നെ യുവതാരമായ ഹാരി ബ്രൂക്കാണ് നിലവിലെ ഏറ്റവും മികച്ച കിക്കറ്റ് താരമെന്ന് ജോ റൂട്ട് പറയുന്നു.
കൃത്യമായി സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള കഴിവാണ് ബ്രൂക്കിനെ മറ്റ് താരങ്ങളില്‍ നിന്നും വ്യക്ത്യസ്തനാക്കുന്നതെന്ന് ജോ റൂട്ട് പറയുന്നു. നിലവില്‍ ലോക ക്രിക്കറ്റിലെ മികച്ച ബാറ്റര്‍ ആരെന്ന് ചോദിച്ചാല്‍ ഞാന്‍ നല്‍കുന്ന ഉത്തരം ഹാരി ബ്രൂക്ക് എന്നായിരിക്കും. ഇപ്പോള്‍ മത്സരത്തിന്റെ എല്ലാ മേഖലയിലും മികവ് പുലര്‍ത്താന്‍ അവന് സാധിക്കുന്നുണ്ട്. കൃത്യമായി സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനും ഏത് സാഹചര്യത്തിലും സിക്‌സറുകള്‍ നേടാനും സ്‌കൂപ്പ് ഷോട്ടുകള്‍ കളിക്കാനുമെല്ലാം അവന് സാധിക്കും. സ്പിന്നര്‍മാര്‍ക്കെതിരെയും മികച്ച പ്രകടനമാണ് അവന്‍ നടത്താറുള്ളത്. അതിനാല്‍ തന്നെ അവനെതിരെ പന്തെറിയുക എന്നത് ബൗളര്‍മാര്‍ക്ക് വെല്ലുവിളിയാണ്. അവനൊപ്പം മൈതാനത്ത് കളിക്കാന്‍ കഴിയുന്നത് വലിയ കാര്യമായാണ് കരുതുന്നതെന്നും റൂട്ട് പറഞ്ഞു.