Joe Root: ന്യൂസിലൻഡിനെതിരെ സെഞ്ചുറി, ടെസ്റ്റ് സെഞ്ചുറികളിൽ ദ്രാവിഡിനൊപ്പമെത്തി ജോ റൂട്ട്, രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ട് വിജയത്തിനരികെ

അഭിറാം മനോഹർ

ഞായര്‍, 8 ഡിസം‌ബര്‍ 2024 (08:24 IST)
ന്യൂസിലന്‍ഡിനെതിരായ 3 മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട് വിജയത്തിനരികെ. ആദ്യ ഇന്നിങ്ങ്‌സില്‍ ഹാരി ബ്രൂക്ക് നേടിയ 123 റണ്‍സിന്റെ ബലത്തില്‍ 280 റണ്‍സിന് മറുപടിയായി ഇറങ്ങിയ ന്യൂസിലന്‍ഡ് ഇന്നിങ്ങ്‌സ് 125 റണ്‍സില്‍ അവസാനിച്ചിരുന്നു. രണ്ടാം ഇന്നിങ്ങ്‌സില്‍ 427 റണ്‍സിന് 6 വിക്കറ്റ് എന്ന നിലയിലാണ് ഇംഗ്ലണ്ട് ഇന്നിങ്ങ്‌സ് ഡിക്ലയര്‍ ചെയ്തത്. ഇതോടെ ന്യൂസിലന്‍ഡിന് മുന്നില്‍ 583 റണ്‍സ് വിജയലക്ഷ്യമാണ് ഇംഗ്ലണ്ട് മുന്നോട്ട് വെച്ചത്. രണ്ടാം ഇന്നിങ്ങ്‌സിലായിരുന്നു ജോ റൂട്ടിന്റെ സെഞ്ചുറി പ്രകടനം.
 
130 പന്തില്‍ നിന്ന് 11 ഫോറുകളുടെ അകമ്പടിയോടെ 106 റണ്‍സാണ് റൂട്ട് നേടിയത്. ടെസ്റ്റില്‍ താരം നേടുന്ന മുപ്പത്തിയാറാം സെഞ്ചുറിയാണിത്. റൂട്ടിന് പുറമെ യുവതാരമായ ജേക്കബ് ബേഥല്‍ (96), ബെന്‍ ഡെക്കറ്റ്(92) എന്നിവരും ഇംഗ്ലണ്ട് നിരയില്‍ തിളങ്ങി. കരിയറില്‍ 151 ടെസ്റ്റ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ 12,886 റണ്‍സാണ് റൂട്ടിന്റെ പേരിലുള്ളത്. 36 സെഞ്ചുറികളും 64 അര്‍ധസെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ 100 തവണ 50+ റണ്‍സ് നേടുന്ന താരമായി മാറാനും റൂട്ടിന് സാധിച്ചു.
 
119 തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ലിസ്റ്റില്‍ ഒന്നാമത്. റൂട്ടിന് മുന്നില്‍ 103 തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള ജാക്വസ് കാലിസ്, റിക്കി പോണ്ടിംഗ് എന്നിവര്‍ മാത്രമാണുള്ളത്. അതേസമയം ടെസ്റ്റില്‍ ഏറ്റവുമധികം സെഞ്ചുറികളെന്ന റെക്കോര്‍ഡ് 51 സെഞ്ചുറികളുമായി ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലാണ്. 45 സെഞ്ചുറികളുമായി ജാക്വസ് കാലിസും 41 സെഞ്ചുറികളുമായി റിക്കി പോണ്ടിംഗും 38 സെഞ്ചുറികളുമായി കുമാര്‍ സംഗക്കാരയുമാണ് റൂട്ടിന് മുന്നിലുള്ളത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍