നിങ്ങൾ കരുതും പോലെയല്ല, കൊട്ടിയാൻ ഓപ്പണറായതിന് കാരണമുണ്ട്: സഞ്ജു സാംസൺ

അഭിറാം മനോഹർ

ഞായര്‍, 14 ഏപ്രില്‍ 2024 (13:56 IST)
കൈയ്യിലിരുന്ന മത്സരം കൈവിടുക എന്നത് ഒരു സ്‌പോര്‍ട്‌സ് ആരാധകനും നിരാശയുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ പലപ്പോഴും അത്തരം കാര്യങ്ങള്‍ ചെയ്യുന്നതില്‍ കഴിവ് തെളിയിച്ചവരാണ് സഞ്ജു സാംസണും സംഘവും. കഴിഞ്ഞ സീസണില്‍ നന്നായി തുടങ്ങി മത്സരങ്ങള്‍ സങ്കീര്‍ണ്ണമാക്കികൊണ്ട് ജയം കൈവിട്ട് പ്ലേ ഓഫും കയറാതെയായിരുന്നു രാജസ്ഥാന്റെ മടക്കം. ഇക്കുറിയും പരീക്ഷണങ്ങള്‍ കൊണ്ട് ടൂര്‍ണമെന്റിലെ നല്ല സ്ഥാനം ഇല്ലാതെയാക്കാനുള്ള ശ്രമമാണ് ടീം മാനേജ്‌മെന്റ് നടത്തുന്നത്.
 
ജോസ് ബട്ട്‌ലറിന്റെ അഭാവത്തില്‍ പഞ്ചാബിനെതിരെ വാലറ്റത്ത് മാത്രം കളിച്ച് പരിചയമുള്ള തനുഷ് കൊട്ടിയാനാണ് രാജസ്ഥാനായി ഓപ്പണറായത്. 31 പന്തില്‍ 24 റണ്‍സ് നേടി നിരാശപ്പെടുത്തുന്ന പ്രകടനമാണ് താരം നടത്തിയത്. രാജസ്ഥാന്‍ വിജയിച്ചെങ്കിലും ഓപ്പണിംഗ് താരത്തെ വെച്ച് നടത്തിയ ചൂതാട്ടത്തില്‍ വലിയ വിമര്‍ശനമാണ് നായകനായ സഞ്ജു സാംസണിനെതിരെയും പരിശീലകന്‍ സംഗക്കാരക്കെതിരെയും ഉയരുന്നത്. എന്നാല്‍ കൊട്ടിയാനെ ഓപ്പണറാക്കിയതിന് പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ടെന്ന് സഞ്ജു പറയുന്നു.
 
ഒരു ഓള്‍ റൗണ്ടറായാണ് അവന്‍ ടീമില്‍ വന്നത്. കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനമാണ് കൊട്ടിയാന്‍ നടത്തിയത്. പരിശീലന സമയങ്ങളില്‍ നെറ്റ്‌സില്‍ മികച്ച പ്രകടനമാണ് അവന്‍ പുറത്തെടുത്തത്. രാജസ്ഥാന്റെ ബാറ്റിംഗ് ഓര്‍ഡര്‍ ഏറെക്കുറെ സെറ്റാണ്. അടുത്ത കളിയില്‍ ബട്‌ലര്‍ ടീമില്‍ മടങ്ങിയെത്തും. ഒരൊറ്റ മത്സരത്തിനായി ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റം വരുത്തി ആരെയും ഓപ്പണറാക്കാന്‍ ടീം ആഗ്രഹിച്ചില്ല. അതുകൊണ്ട് കൊട്ടിയാനെ ഓപ്പണിങ്ങില്‍ പരീക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സഞ്ജു സാംസണ്‍ പറഞ്ഞു.
 
കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ 502 റണ്‍സും 29 വിക്കറ്റുകളും സ്വന്തമാക്കി രഞ്ജിയിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്‌കാരം തനുഷ് കൊട്ടിയാന്‍ സ്വന്തമാക്കിയിരുന്നു. ടി20 ക്രിക്കറ്റില്‍ 22 മത്സരങ്ങളില്‍ നിന്നും 24 വിക്കറ്റുകളും താരത്തിന്റെ പേരിലുണ്ട്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍