ലോക തോല്‍വി, എന്നിട്ടും ടീമില്‍ സ്ഥാനം; പന്തിന് ഇനിയും അവസരങ്ങള്‍ കൊടുക്കരുതെന്ന് ആരാധകര്‍

Webdunia
തിങ്കള്‍, 21 നവം‌ബര്‍ 2022 (12:33 IST)
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന് ഇന്ത്യന്‍ ടീമില്‍ തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കുന്നതിനെതിരെ സോഷ്യല്‍ മീഡിയ. മറ്റാര്‍ക്കും ലഭിക്കാത്ത തരത്തില്‍ പന്തിന് അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ട്വന്റി 20 ഫോര്‍മാറ്റില്‍ ഇതുവരെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിച്ചിട്ടുമില്ല. എന്നിട്ടും തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കുന്നത് എന്തിനാണെന്ന് ആരാധകര്‍ ചോദിക്കുന്നു. 
 
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഓപ്പണറുടെ വേഷത്തിലാണ് റിഷഭ് പന്ത് എത്തിയത്. പവര്‍പ്ലേയില്‍ റിഷഭ് പന്ത് നന്നായി കളിച്ചേക്കുമെന്ന് കരുതിയാണ് ഓപ്പണറായി താരത്തെ ഇറക്കിയത്. എന്നാല്‍ ഇത്തവണയും താരം നിരാശപ്പെടുത്തി. വെറും 13 പന്തില്‍ ആറ് റണ്‍സെടുത്ത് പന്ത് പുറത്തായി. അനാവശ്യ ഷോട്ടിന് മുതിര്‍ന്നാണ് പന്ത് വിക്കറ്റ് വലിച്ചെറിഞ്ഞത്. 
 
ട്വന്റി 20 ഫോര്‍മാറ്റില്‍ ഇന്ത്യക്ക് വേണ്ടി ഇതുവരെ 65 കളികള്‍ പന്ത് കളിച്ചിട്ടുണ്ട്. മറ്റൊരു യുവതാരത്തിനും ഇന്ത്യന്‍ ടീമില്‍ ഇത്രയും അവസരങ്ങള്‍ ലഭിച്ചിട്ടില്ല. സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, പൃഥ്വി ഷാ തുടങ്ങിയ യുവതാരങ്ങള്‍ പുറത്ത് നില്‍ക്കുമ്പോഴാണ് റിഷഭ് പന്ത് തുടര്‍ച്ചയായി ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിക്കുന്നത്. പന്തിന് ഇനിയും അവസരങ്ങള്‍ നല്‍കരുതെന്നാണ് ആരാധകര്‍ പറയുന്നത്. പന്തിന് ഇനിയും അവസരങ്ങള്‍ നല്‍കുന്നത് മറ്റ് യുവതാരങ്ങളോട് കാണിക്കുന്ന അനീതിയാണെന്ന് നിരവധിപേര്‍ അഭിപ്രായപ്പെടുന്നു. 
 
ഇന്ത്യക്കു വേണ്ടി റിഷഭ് പന്ത് ഇതുവരെ നാലു ഇന്നിങ്സുകളിലാണ് ഓപ്പണറായി ഇറങ്ങിയിട്ടുള്ളത്. ഇവയില്‍ നിന്നും വെറും 60 റണ്‍സ് മാത്രമേ താരത്തിനു നേടാനായിട്ടുളളൂ. ഇംഗണ്ട് (രണ്ടു തവണ) സൗത്താഫ്രിക്ക, ന്യൂസിലന്‍ഡ് എന്നിവര്‍ക്കെതിരേയാണ് റിഷഭ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്. കളിച്ച നാല് ഇന്നിങ്സുകളിലും 30 പ്ലസ് സ്‌കോര്‍ ചെയ്യാന്‍ അദ്ദേഹത്തിനായില്ല.
 

അനുബന്ധ വാര്‍ത്തകള്‍

Next Article