ടി20 ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് ഏതാണ്ട് അവസാനമായതോടെ സൂപ്പര്‍ 8 മത്സരങ്ങള്‍ക്കുള്ള ടീമുകളുടെ കാര്യത്തില്‍ ഏകദേശ ധാരണയായിരിക്കുകയാണ്. ഗ്രൂപ്പ് എയിലെ അവസാന പോരാട്ടത്തില്‍ ഇന്ത്യ കാനഡയെ തോല്‍പ്പിക്കുകയും പാകിസ്ഥാന്‍- അയര്‍ലന്‍ഡ് മത്സരത്തില്‍ പാകിസ്ഥാന്‍ വിജയിക്കുകയും ചെയ്താല്‍ ഇന്ത്യയും പാകിസ്ഥാനും തന്നെയാകും ഗ്രൂപ്പ് എയില്‍ നിന്നും സൂപ്പര്‍ എട്ടിലെത്തുക. മത്സരം മഴ മുടക്കുകയാണെങ്കില്‍ ഇന്ത്യയും അമേരിക്കയും സൂപ്പര്‍ എട്ടിലെത്തും.
ഓരോ ഗ്രൂപ്പില്‍ നിന്നും 2 രാജ്യങ്ങള്‍ വീതമാണ് സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടുന്നത്. ഗ്രൂപ്പ് എയില്‍ നിന്നും ഇന്ത്യ, പാകിസ്ഥാന്‍/ അമേരിക്ക ഗ്രൂപ്പ് ബിയില്‍ നിന്നും ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്/സ്‌കോട്ട്ലന്‍ഡ്. ഗ്രൂപ്പ് സിയില്‍ നിന്നും അഫ്ഗാനിസ്ഥാന്‍, വെസ്റ്റിന്‍ഡീസ്, ഗ്രൂപ്പ് ഡിയില്‍ നിന്നും ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് ടീമുകളാണ് സൂപ്പര്‍ എട്ടിലെത്തുന്നത്. സീഡിംഗ് സിസ്റ്റം നിലനില്‍ക്കുന്നതിനാല്‍ തന്നെ സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ ഗ്രൂപ്പില്‍ ഓസ്‌ട്രേലിയ,ബംഗ്ലാദേശ്,അഫ്ഗാനിസ്ഥാന്‍ ടീമുകളാകും എത്തുക.
രണ്ടാമത്തെ ഗ്രൂപ്പില്‍ വെസ്റ്റിന്‍ഡീസ്,അമേരിക്ക/പാകിസ്ഥാന്‍,ഇംഗ്ലണ്ട്/സ്‌കോട്ട്ലന്‍ഡ്,ദക്ഷിണാഫ്രിക്ക എന്നീ ടീമുകളായിരിക്കും ഉണ്ടാകുക. രണ്ട് ഗ്രൂപ്പിലുമായി നടക്കുന്ന മത്സരത്തിനൊടുവില്‍ രണ്ട് ടീമുകള്‍ മാത്രമായിരിക്കും ഓരോ ഗ്രൂപ്പില്‍ നിന്നും സെമി ഫൈനലിലേക്ക് യോഗ്യത നേടുക. ഇന്ത്യയുടെ ഗ്രൂപ്പില്‍ ഇന്ത്യ, ഓസ്‌ട്രേലിയ ടീമുകളായിരിക്കും സെമി ഫൈനലിലേക്ക് എത്തുക. പിന്നീട് ഒന്നാമത്തെ ഗ്രൂപ്പിലെയും രണ്ടാമത്തെ ഗ്രൂപ്പിലെയും ടീമുകളാകും സെമിയില്‍ ഏറ്റുമുട്ടുക. അതിനാല്‍ തന്നെ സെമിയില്‍ ഇന്ത്യ വിജയിച്ച് ഫൈനലിലെത്തുക ഓസ്‌ട്രേലിയയെ തന്നെ നേരിടാന്‍ സാധ്യതയേറെയാണ്.
അതേസമയം അഫ്ഗാനും ഓസ്‌ട്രേലിയയും അടങ്ങിയ ഗ്രൂപ്പിലെ ഇന്ത്യയുടെ മത്സരങ്ങളും കടുത്തതാകും. ഓസ്‌ട്രേലിയയുമായി പരാജയപ്പെട്ടാലും ഇന്ത്യയ്ക്ക് മറ്റ് ടീമുകളെ തോല്‍പ്പിച്ച് സെമി ഫൈനലിലെത്താന്‍ സാധിക്കും. എന്നാല്‍ ശക്തമായ ബൗളിംഗ് നിരയും തങ്ങളുടേതായ ദിവസത്തില്‍ തകര്‍ത്തടിക്കാന്‍ കഴിവുള്ള ബാറ്റിംഗ് നിരയുമുള്ള അഫ്ഗാന്‍ ഏത് ടീമിനും ഭീഷണിയാണ്. അഫ്ഗാനിസ്ഥാന്‍ ഇന്ത്യയെ അട്ടിമറിക്കുകയും ഓസീസിനോട് തോല്‍വി ഏറ്റുവാങ്ങുകയും ചെയ്യുകയാണെങ്കില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ സൂപ്പര്‍ എട്ടില്‍ തന്നെ അവസാനിക്കും.