ഒമാനുമായുള്ള നിർണായക മത്സരം വെറും 19 പന്തിൽ തീർത്ത് ഇംഗ്ലണ്ട്, ടി20 ലോകകപ്പിൽ പുത്തൻ റെക്കോർഡ്

അഭിറാം മനോഹർ

വെള്ളി, 14 ജൂണ്‍ 2024 (12:52 IST)
England, Worldcup
ടി20 ലോകകപ്പില്‍ ഒമാന്‍ ഉയര്‍ത്തിയ വിജയലക്ഷ്യം വെറും 19 പന്തില്‍ മറികടന്ന് ഇംഗ്ലണ്ട്. സ്‌കോട്ട്ലന്‍ഡിനെതിരായ മത്സരം മഴമൂലം ഉപേക്ഷിക്കുകയും ഓസീസിനെതിരെ പരാജയപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ഒമാനെതിരെ വമ്പന്‍ വിജയം നേടിയെങ്കില്‍ മാത്രമെ സൂപ്പര്‍ 8 പ്രതീക്ഷകള്‍ സജീവമാക്കാന്‍ ഇംഗ്ലണ്ടിനാകുമായിരുന്നുള്ളു. ഒമാനെതിരെ സ്‌കോട്ട്ലന്‍ഡ് വമ്പന്‍ വിജയം നേടിയതോടെയാണ് മികച്ച റണ്‍റേറ്റില്‍ മത്സരം ഫിനിഷ് ചെയ്യുക എന്നത് ഇംഗ്ലണ്ടിന് ആവശ്യമായി തീര്‍ന്നത്.
 
ടോസ് നേടി ആദ്യം ഫീല്‍ഡിംഗ് തിരെഞ്ഞെടുത്ത ഇംഗ്ലണ്ട് ഒമാനെ വെറും 47 റണ്‍സിന് പുറത്താക്കിയിരുന്നു. 48 റണ്‍സെന്ന വിജയലക്ഷ്യം 3.1 ഓവറിലാണ് ഇംഗ്ലണ്ട് അടിച്ചെടുത്തത്. അതിവേഗ ചെയ്‌സിങ്ങിനിടെ ഓപ്പണര്‍ ഫില്‍സാള്‍ട്ട്, മൂന്നാമനായി ക്രീസിലെത്തിയ വില്‍ ജാക്‌സ് എന്നിവരുടെ വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു. 8 പന്തില്‍ 24 രണ്‍സുമായി തിളങ്ങിയ ജോസ് ബട്ട്ലറാണ് ഇംഗ്ലണ്ട് ബാറ്റിംഗില്‍ തിളങ്ങിയത്. ഫില്‍ സാള്‍ട്ട് 3 പന്തില്‍ 12 റണ്‍സും ജോണി ബെയര്‍‌സ്റ്റോ 2 പന്തില്‍ 8 റണ്‍സും നേടി. വിജയത്തോടെ സൂപ്പര്‍ എട്ടിലെത്താനുള്ള സാധ്യതകള്‍ ഇംഗ്ലണ്ട് സജീവമാക്കി.
 
 നേരത്തെ നെറ്റ് റണ്‍റേറ്റ് ഉയര്‍ത്തുക എന്നത് ലക്ഷ്യമിട്ടാണ് ഇംഗ്ലണ്ട് ഒമാനെ ആദ്യം ബാറ്റിംഗിനയച്ചത്. ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് മുന്നില്‍ പ്രതീക്ഷിച്ചത് പോലെ ഒമാന്‍ ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞു. ആദില്‍ റഷീദ് നാലും ജോഫ്രേ ആര്‍ച്ചര്‍, മാര്‍ക്ക് വൂഡ് എന്നിവര്‍ 3 വിക്കറ്റ് വീതവും നേടി. വിജയത്തോടെ സ്‌കോട്ട്ലന്‍ഡിനേക്കാള്‍ റണ്‍റേറ്റ് നിലനിര്‍ത്താന്‍ ഇംഗ്ലണ്ടിനായി. ഓസ്‌ട്രേലിയ- സ്‌കോട്ട്ലന്‍ഡ് മത്സരത്തില്‍ ഓസ്‌ട്രേലിയ വിജയിക്കുന്ന പക്ഷം ഓസ്‌ട്രേലിയക്കൊപ്പം ഇംഗ്ലണ്ടും സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് യോഗ്യത നേടും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍