England: ഇനി നെറ്റ് റണ്‍റേറ്റ് ശരണം ! ഒമാനെ അതിവേഗം തോല്‍പ്പിച്ച് ഇംഗ്ലണ്ട്; കാരണം ഇതാണ്

രേണുക വേണു

വെള്ളി, 14 ജൂണ്‍ 2024 (08:45 IST)
England - T20 World Cup 2024

England: ഗ്രൂപ്പ് ഘട്ടത്തില്‍ ഒമാനെ അതിവേഗം തോല്‍പ്പിച്ച് സൂപ്പര്‍ 8 പ്രതീക്ഷകള്‍ നിലനിര്‍ത്തിയിരിക്കുകയാണ് ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ 13.2 ഓവറില്‍ 47 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ ഇംഗ്ലണ്ട് വെറും 3.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. നായകന്‍ ജോസ് ബട്‌ലര്‍ എട്ട് പന്തില്‍ 24 റണ്‍സുമായി പുറത്താകാതെ നിന്നു. ഓപ്പണര്‍ ഫിലിപ് സാള്‍ട്ട് മൂന്ന് പന്തില്‍ 12 റണ്‍സെടുത്തും. 
 
ഇംഗ്ലണ്ടിനായി സ്പിന്നര്‍ ആദില്‍ റാഷിദ് നാല് ഓവറില്‍ 11 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ജോഫ്ര ആര്‍ച്ചറിനും മാര്‍ക്ക് വുഡിനും മൂന്ന് വീതം വിക്കറ്റുകള്‍. ഗ്രൂപ്പ് ബിയില്‍ നിന്ന് നെറ്റ് റണ്‍റേറ്റിന്റെ ബലത്തില്‍ മാത്രമേ സൂപ്പര്‍ 8 ലേക്ക് കയറാന്‍ സാധിക്കൂ എന്ന സ്ഥിതിയാണ് ഇപ്പോള്‍ ഇംഗ്ലണ്ടിന്റേത്. അതുകൊണ്ടാണ് ഒമാനെതിരായ മത്സരം എത്രയും വേഗം അവസാനിപ്പിക്കാന്‍ ഇംഗ്ലണ്ട് നിര്‍ബന്ധിതരായത്. 101 പന്തുകള്‍ ശേഷിക്കെ ജയിച്ചതിനാല്‍ ഇംഗ്ലണ്ടിന്റെ നെറ്റ് റണ്‍റേറ്റ് ഉയര്‍ന്നു. 
 
ഗ്രൂപ്പ് ബിയില്‍ നിന്ന് ആറ് പോയിന്റുമായി ഓസ്‌ട്രേലിയ സൂപ്പര്‍ 8 ലേക്ക് പ്രവേശിച്ചു. ഒരു ടീമിനു കൂടിയാണ് ഇനി അവസരമുള്ളത്. മൂന്ന് കളികളില്‍ നിന്ന് അഞ്ച് പോയിന്റോടെ സ്‌കോട്ട്‌ലന്‍ഡ് രണ്ടാമതും മൂന്ന് കളികളില്‍ നിന്ന് മൂന്ന് പോയിന്റോടെ ഇംഗ്ലണ്ട് മൂന്നാമതുമാണ്. സ്‌കോട്ട്‌ലന്‍ഡിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതാണ് ഇംഗ്ലണ്ടിനു തിരിച്ചടിയായത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ തോല്‍ക്കുകയും ചെയ്തിരുന്നു. ശേഷിക്കുന്ന മത്സരത്തില്‍ ഓസീസ് സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിക്കുകയും ഇംഗ്ലണ്ട് നമീബിയയ്‌ക്കെതിരെ ജയിക്കുകയും ചെയ്താല്‍ ഇംഗ്ലണ്ട് ആയിരിക്കും സൂപ്പര്‍ 8 ലേക്ക് പ്രവേശിക്കുക. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍