ജഡേജ ബാറ്റിങ്ങിലും ബൗളിങ്ങിലും സംപൂജ്യനാണ് മൂന്ന് കളികള്‍ കഴിയുമ്പോള്‍. ക്യാച്ച്, റണ്‍ ഔട്ട് എന്നിവയുടെ എണ്ണത്തിലും ജഡേജയ്‌ക്കൊപ്പം 'പൂജ്യം' എന്ന നമ്പറാണ് നിലവില്‍ ഉള്ളത്. ഓള്‍റൗണ്ടര്‍ എന്ന വിശേഷണം ഉണ്ടെങ്കിലും ജഡേജ ടീമിനായി ഒരു ഇംപാക്ടും ഉണ്ടാക്കുന്നില്ല. സമ്പൂര്‍ണ പരാജയമായ ഒരു താരത്തെ ലോകകപ്പ് പോലൊരു ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി പരീക്ഷിക്കുന്നത് എന്തിനാണെന്ന് ആരാധകര്‍ ചോദിച്ചു തുടങ്ങി.
ബാറ്റിങ് ഡെപ്ത് കൂട്ടാന്‍ വേണ്ടിയാണ് അക്ഷര്‍ പട്ടേലിനൊപ്പം ജഡേജയേയും കഴിഞ്ഞ മൂന്ന് കളികളിലും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ട്വന്റി 20 ലോകകപ്പില്‍ ബാറ്റ് കൊണ്ട് കാര്യമായ സംഭാവനകളൊന്നും ജഡേജ ഇതുവരെ ഇന്ത്യക്ക് നല്‍കിയിട്ടില്ല. ലോകകപ്പില്‍ 10 ഇന്നിങ്സുകളില്‍ നിന്ന് 95.95 സ്ട്രൈക്ക് റേറ്റില്‍ വെറും 95 റണ്‍സാണ് ഇതുവരെ നേടിയിരിക്കുന്നത്. രണ്ട് കളികളില്‍ പൂജ്യത്തിനു പുറത്തായി. 10 ഇന്നിങ്സുകളില്‍ നിന്ന് ആറ് ഫോറും ഒരു സിക്സും മാത്രമാണ് ബൗണ്ടറി ആയി ജഡേജ നേടിയിട്ടുള്ളത്. ഒരു ബാറ്റര്‍ എന്ന നിലയില്‍ ടി20 ഫോര്‍മാറ്റില്‍ ജഡേജയെ വിശ്വസിക്കാന്‍ പറ്റില്ലെന്ന് ഈ കണക്കുകളില്‍ നിന്ന് വ്യക്തമാണ്.